ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. രാജ്യത്തെ വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രം സ്വീകരിച്ച നയത്തിനെതിരായാണ് കോടതിയുടെ വിമര്‍ശനം. 18-നും 44-നും ഇടയില്‍ പ്രായമുള്ളവര്‍ പണം നല്‍കി വാക്‌സിന്‍ സ്വീകരിക്കണം എന്ന കേന്ദ്രത്തിന്‍റെ നയം ഏകപക്ഷീയവും വിവേചനപരവുമെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ നയം പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളിലേക്ക് കടന്നുകയറുമ്പോള്‍ മൂകസാക്ഷിയായി ഇരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം ഒഴിവാക്കുകയായിരുന്നു.
കേന്ദ്ര ബജറ്റില്‍ നീക്കി വച്ച 35,000 കോടി രൂപ എങ്ങനെയൊക്കെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. വാക്‌സിന്‍ മാനേജ്മെന്റുമായി ബന്ധപ്പെട്ട ഫയല്‍ നോട്ടിങ് ഉള്‍പ്പടെയുള്ള എല്ലാ രേഖകളും ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. സംസ്ഥാനങ്ങള്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനാല്‍ ജനങ്ങള്‍ക്ക് സാമ്പത്തികമായി പ്രയാസം ഉണ്ടാകില്ല എന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേന്ദ്രത്തിന്‍റെ ഈ വിശദീകരണം ശരിയാണോ എന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കോടതി നിര്‍ദേശിച്ചു.
ALSO READ: എൻഎച്ച്ആർസി ചെയർമാനായി ജസ്റ്റിസ് അരുൺ മിശ്രയെ നിയമിച്ചു
പദ്ധതികള്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ ജുഡീഷ്യറിക്ക് ഏറ്റെടുക്കാനാവില്ല. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഭരണകര്‍ത്താക്കള്‍ ലംഘിക്കുമ്പോൾ കോടതികളെ നിശബ്ദകാണികളായിരിക്കാൻ നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ല. ഭരണകൂടം ആവിഷ്‌കരിച്ച പ്രവര്‍ത്തനങ്ങള്‍ അവര്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കോടതികള്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര്‍ റാവു, എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.