ചണ്ഡീഗഢ് (പഞ്ചാബ്): കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പില്‍ ഡിജിറ്റൽ പ്രചാരണം പ്രോത്സാഹിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനത്തെ പ്രശംസിച്ച് പഞ്ചാബ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ച മാർഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി പഞ്ചാബില്‍ ഡിജിറ്റൽ കാമ്പ്യയിന് തുടക്കം കുറിക്കുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു പറഞ്ഞു.
ഡിജിറ്റൽ തെരഞ്ഞെടുപ്പ് പുതിയ ഡിജിറ്റൽ പഞ്ചാബിലേക്കുള്ള ആദ്യപടിയാണ്. വെർച്വൽ കാമ്പയിന്‍ ആരംഭിക്കുന്ന ആദ്യത്തെ പാര്‍ട്ടിയെന്ന നിലയിൽ, ഡിജിറ്റലൈസേഷന്‍റെ പ്രാധാന്യത്തിനും വോട്ടർമാരുമായി വെർച്വൽ മാര്‍ഗത്തിലൂടെ ആശയവിനിമയം നടത്തുന്നതിനും കോൺഗ്രസ് പാർട്ടി ഊന്നൽ നൽകും. മറ്റ് രാഷ്‌ട്രീയ പാർട്ടികളെ അപേക്ഷിച്ച് ഡിജിറ്റല്‍ സ്വാധീനം കൂടുതല്‍ ഉള്ള പാര്‍ട്ടി കോൺഗ്രസ് ആണെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.
പഞ്ചാബിൽ നിലവിലുള്ള പ്രശ്‌നങ്ങൾക്ക് അനുയോജ്യമായ പരിഹാരമാണ് പഞ്ചാബ് മോഡലെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അവകാശപ്പെട്ടു. ഇതിലൂടെ ജനങ്ങളുടെ കൈകളിലേക്ക് അധികാരം തിരികെ വരും. പഞ്ചാബ് മോഡലിന്‍റെ യഥാർഥ അവകാശികള്‍ ജനങ്ങളാണ്. പദ്ധതി സംബന്ധിച്ച് ജനങ്ങൾക്ക് അവരുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കൂടുതല്‍ വ്യക്തത വരുത്താനും ഒരു വാട്‌സ്ആപ്പ് സേവനം കോണ്‍ഗ്രസ് ഉടൻ ആരംഭിക്കുമെന്ന് സിദ്ദു പറഞ്ഞു.
'പഞ്ചാബ് മോഡല്‍ 2022' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനത്തിന്‍റെ എല്ലാ സാമ്പത്തിക പ്രതിസന്ധികള്‍ക്കും പരിഹാരം കണ്ടെത്തുമെന്നാണ് സിദ്ദുവിന്‍റെ വാദം. കൂടുതല്‍ തൊഴില്‍ സൃഷ്‌ടിക്കുമെന്നും യുവജനങ്ങള്‍ വിദേശത്തേക്ക് ചേക്കേറുന്ന സ്ഥിതിയില്‍ മാറ്റമുണ്ടാക്കുമെന്നും സിദ്ദു അവകാശപ്പെടുന്നു.
പഞ്ചാബ് മോഡൽ പ്രധാന ഭരണ പരിഷ്‌കാരങ്ങൾ ഉടൻ അവതരിപ്പിക്കും. പദ്ധതിയിലൂടെ ഭരണഘടനാപരമായ അധികാരങ്ങൾ പഞ്ചായത്തുകൾക്കും നഗര, തദ്ദേശ സ്ഥാപനങ്ങൾക്കും തിരികെ കൊണ്ടുവരും എന്ന് മാത്രമല്ല, 150 ലധികം സർക്കാർ സേവനങ്ങള്‍ ഉള്‍പ്പെടെ ജനങ്ങൾക്ക് അവരുടെ വീട്ടുവാതിൽക്കൽ ലഭ്യമാക്കുന്ന ഒരു ഡിജിറ്റൽ പഞ്ചാബ് സൃഷ്‌ടിക്കാനും ലക്ഷ്യമിടുന്നുണ്ട്.
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ജനുവരി 15 വരെ റാലികളും റോഡ് ഷോകളും അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വീടുതോറുമുള്ള പ്രചാരണത്തിന് ഒരേ സമയം അഞ്ചിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. തെരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥിതിഗതികൾ അവലോകനം ചെയ്‌ത് കൂടുതൽ നിർദേശങ്ങൾ നൽകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചിരുന്നു.