കൊൽക്കത്ത : ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത വിദ്യാർഥികളോട് പ്രൈമറി സ്കൂളിലെ വിദ്യാർഥികളെ സൗജന്യമായി പഠിപ്പിച്ച് സാമൂഹിക സേവനത്തിൽ ഏർപ്പെടാൻ നിർദേശിച്ച് കൊൽക്കത്ത ഹൈക്കോടതി. റാഗിങ്ങിൽ പരിക്കേറ്റ ജൂനിയർ വിദ്യാർഥികൾക്ക് സർവകലാശാല നൽകിയ ആശുപത്രി ഫീസ് നൽകാനും കുറ്റാരോപിതരായ വിദ്യാർഥികളോട് കോടതി ആവശ്യപ്പെട്ടു.
റാഗിങ് കേസിൽ ഉൾപ്പെട്ട പ്രതികൾ സദയ്പൂർ പ്രഥമിക് വിദ്യാലയം, സുഭാഷ്നഗർ സൗജന്യ പ്രൈമറി സ്കൂൾ, ബരാസത്തിലെ കോകാപൂർ സ്കൂൾ എന്നിവിടങ്ങളിൽ 12 ആഴ്ചയിൽ, രണ്ട് ദിവസം നാല് മണിക്കൂർ വീതം വിദ്യാർഥികളെ പഠിപ്പിക്കുകയും വേണം എന്നാണ് കോടതി നിർദേശം. എട്ടാം സെമസ്റ്ററിന്റെ അവസാന പേപ്പർ പരീക്ഷയുടെ ദിവസം മുതൽ 12 ആഴ്ച തുടർച്ചയായി കുട്ടികളെ പഠിപ്പിക്കണമെന്ന് ജസ്റ്റിസ് മൗസുമി ഭട്ടാചാര്യയുടെ വിധിയിൽ പറയുന്നു.
റാഗിങ്ങിൽ ഉൾപ്പെട്ട വിദ്യാർഥികളെ പുറത്താക്കാനും എട്ടാം സെമസ്റ്ററിൽ ക്ലാസുകളിലും പരീക്ഷയിലും പങ്കെടുക്കാൻ അനുവദിക്കാതിരിക്കുന്നതിനുമുള്ള സർവകലാശാലയുടെ നിർദേശത്തിനെതിരെ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്വകാര്യ സർവകലാശാലയിലെ അവസാന വർഷ ബയോ കെമിസ്ട്രി വിദ്യാർഥികളാണ് ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്തതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
വിദ്യാർഥികൾ കോളജിൽ നടന്ന പ്രകടനത്തിന്റെ ഭാഗം മാത്രമായിരുന്നുവെന്നും റാഗിങ്ങിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ, സാക്ഷി മൊഴികൾ, സർവകലാശാലയിലെ റാഗിങ് വിരുദ്ധ സമിതിയുടെ കണ്ടെത്തലുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവരെ പുറത്താക്കാനുള്ള തീരുമാനമെന്ന് സർവകലാശാല അഭിഭാഷകൻ വാദിച്ചു.
റാഗിങ് ഏത് രീതിയിലായാലും സമത്വത്തിനും വിദ്യാർഥികളുടെ അന്തസിനും ആത്മാഭിമാനത്തിനും എതിരാണെന്നും ഒരു അക്കാദമിക് സ്ഥാപനത്തിൽ നടക്കുന്ന അക്രമങ്ങൾക്കും നശീകരണ പ്രവർത്തനങ്ങൾക്കും ഒരു ന്യായീകരണവുമില്ലെന്നും ഇരുപക്ഷത്തിന്റെയും വാദം കേട്ട ശേഷം ജസ്റ്റിസ് ഭട്ടാചാര്യ പറഞ്ഞു.
ഭാവിയിൽ ഇത്തരം പ്രവര്ത്തികൾ സർവകലാശാലയിലെ ഒരു വിദ്യാർഥികളുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കാൻ ചില നടപടികൾ ഉണ്ടാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. സർവകലാശാലയിലെ വസ്തുവകകൾക്ക് സംഭവിച്ച നാശനഷ്ടങ്ങളും പരിക്കേറ്റ വിദ്യാർഥികളുടെ ചെലവും ഇവർ വഹിക്കണം.
അവസാന സെമസ്റ്റർ പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് കോടതി അനുമതി നൽകി. എന്നാൽ പരീക്ഷ എഴുതുന്നതിന് വേണ്ടിയല്ലാതെ സർവകലാശാലയിൽ പ്രവേശിക്കാൻ പാടില്ല. പരീക്ഷയ്ക്ക് ആവശ്യമായ പഠന സാമഗ്രികൾ സർവകലാശാലയിൽ നിന്ന് നൽകും. വിദ്യാർഥികളുടെ രക്ഷിതാക്കളോ കുടുംബാംഗങ്ങളോ സർവകലാശാലയിൽ നിന്ന് പഠന സാമഗ്രികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.