ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ജൂലൈ 6) കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്‌ച്ച നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിർമല സീതാരാമൻ, കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് ജോഷി, പീയൂഷ് ഗോയൽ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
മന്ത്രിസഭാ വികസനം ലക്ഷ്യം
രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയാകും ഇത്. 2019 മെയ് 30 ന് അധികാരമേറ്റ മോദി സർക്കാരിന് ഇതുവരെ മന്ത്രിസഭാ വികസനം നടത്താൻ സാധിച്ചിട്ടില്ല. ഇതിനിടെ കേന്ദ്രമന്ത്രിയും ജനശക്തി പാർട്ടി നേതാവുമായ രാംവിലാസ് പാസ്വാൻ അന്തരിച്ചു.
കൂടാതെ ശിരോമണി അകാലിദളും ശിവസേനയും എൻഡിഎ വിട്ടതോടെ രണ്ട് മന്ത്രിമാരുടെ ഒഴിവും ഉണ്ടായി.നിലവിൽ മുൻ അസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനും ജ്യോതിരാദിത്യാ സിന്ധ്യയ്‌ക്കും കേന്ദ്ര മന്ത്രിസഭയിൽ സ്ഥാനം ലഭിക്കാൻ സാധ്യതയേറെയാണ്.
ഒന്നിലേറെ വകുപ്പുകൾ കൈകാര്യം ചെയ്‌ത് മന്ത്രിമാർ
81 അംഗ സമിതിക്ക് പകരം 53 മന്ത്രിമാരാണ് നിലവിൽ മന്ത്രിസഭയിലുള്ളത്. അതിനാൽ ബാക്കി 28 ഒഴിവുകൾ നികത്താൻ കൂടിക്കാഴ്‌ച്ചയിലൂടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. നിലവിൽ പല മുതിർന്ന മന്ത്രിമാരും ഒന്നിലേറെ പ്രധാന വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്.
റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് വാണിജ്യവും വ്യവസായവും ഭക്ഷ്യ ഉപഭോക്തൃ കാര്യങ്ങളും ഉണ്ട്, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും ഗ്രാമ വികസനം കൈകാര്യം ചെയ്യുന്നു.
also read:പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍