ന്യൂഡല്‍ഹി : ത്രിപുരയിലെ ടൗണ്‍ ബര്‍ദോവാലി മണ്ഡലത്തില്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മണിക് സാഹയ്ക്ക് വിജയം. 6104 വോട്ടുകളുടെ ഭൂരിപക്ഷമാണ് മണിക് സാഹ നേടിയത്. ത്രിപുരയില്‍ അഗര്‍ത്തല, ജുബരാജ്‌നഗര്‍, സുര്‍മ, ടൗണ്‍ ബര്‍ദോവാലി എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഇതില്‍ നാലില്‍ മൂന്ന് സീറ്റും ബിജെപി നേടി. അഗര്‍ത്തലയില്‍ കോണ്‍ഗ്രസിനാണ് ജയം. 3,163 വോട്ടുകളുടെ ഭൂരിപക്ഷമാണ് അഗര്‍ത്തലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുദീപ് റോയ് ബര്‍മന്‍ നേടിയത്. യുപിയില്‍ അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി പാർട്ടിക്ക് (എസ്‌പി) തിരിച്ചടി നേരിട്ടു.
അസംഗഡ്, രാംപൂർ മണ്ഡലങ്ങള്‍ ബിജെപി പിടിച്ചടക്കി. ഭോജ്‌പൂരി നടനും ഗായകനുമായ ദിനേശ് ലാൽ യാദവ് 'നിരാഹുവ' അസംഗഡില്‍ വിജയിച്ചപ്പോള്‍, ഘനശ്യാം സിങ് ലോധി രാംപൂർ കീഴടക്കി. എസ്‌പി സ്ഥാനാര്‍ഥികളായ ധർമേന്ദ്ര യാദവ് 8,679 വോട്ടുകള്‍ക്ക് അസംഗഡിലും, അസിം രാജ 42,192 വോട്ടുകൾക്ക് രാംപൂരിലും പരാജയപ്പെട്ടു.
ഡല്‍ഹി രാജീന്ദര്‍നഗര്‍ മണ്ഡലത്തില്‍ ആംആദ്‌മി പാര്‍ട്ടി മികച്ച വിജയം നേടി. ആപ്പിന്‍റെ ദുര്‍ഗേഷ് പഥക് 11,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് രാജീന്ദര്‍നഗറില്‍ വിജയിച്ചത്. എന്നാല്‍ പഞ്ചാബില്‍ ആംആദ്‌മി പാര്‍ട്ടിക്ക് കനത്ത തോല്‍വി നേരിട്ടു.
ഏക സിറ്റിങ് സീറ്റായ സംഗ്രൂര്‍ മണ്ഡലം ആപ്പിന് നഷ്‌ടമായി. ശിരോമണി അകാലിദള്‍ അമൃത്‌സര്‍ വിഭാഗം സ്ഥാനാര്‍ഥി സിമ്രാന്‍ജിത് സിങ് മന്‍ ആണ് സംഗ്രൂര്‍ മണ്ഡലത്തില്‍ വിജയിച്ചത്. അയ്യായിരത്തില്‍ അധികം വോട്ടുകളുടെ ലീഡ് നേടിയാണ് സിമ്രാന്‍ജിത് സിങ് മന്‍ സംഗ്രൂര്‍ പിടിച്ചെടുത്തത്.
ആന്ധ്രയിലെ ആത്മകുരു മണ്ഡലം വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടി. മേകപതി വിക്രം റെഡ്ഡിയാണ് വിജയിച്ചത്. ജാര്‍ഖണ്ഡിലെ മന്ദര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിനാണ് വിജയം. ശിൽപി നേഹ ടിർക്കിയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.