ന്യൂഡൽഹി : ബുള്ളറ്റ് ട്രെയിൻ പദ്ധതി എന്നറിയപ്പെടുന്ന മുംബൈ- അഹമ്മദാബാദ് അതിവേഗ റെയിലുമായി ബന്ധപ്പെട്ട് ഒരു സ്ഥാപനത്തിനും വിദേശ ഫണ്ട് നിക്ഷേപങ്ങളിൽ നിശ്ചയിച്ചിട്ടുള്ള നിബന്ധനകളിൽ നിന്നും വ്യവസ്ഥകളിൽ നിന്നും വ്യതിചലിക്കാനാവില്ലെന്ന് സുപ്രീം കോടതി. വിദേശ കമ്പനികള്‍ പദ്ധതിയിൽ വൻ തുക നിക്ഷേപിക്കാൻ തയ്യാറായ സാഹചര്യത്തിലാണ് കോടതി നിർദേശം. പദ്ധതിക്ക് ധനസഹായം നൽകുന്ന കക്ഷികളാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് സുപ്രീം കോടതി പറഞ്ഞു.
ബുള്ളറ്റ് ട്രെയിനിന്‍റെ ഒരു ഡിപ്പോയിൽ നിർമാണത്തിനും വികസനത്തിനുമായുള്ള ലേലവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ ജസ്റ്റിസ് എംആർ ഷായും ജസ്റ്റിസ് എഎസ് ബൊപ്പണ്ണയും അടങ്ങുന്ന ബഞ്ചിന്‍റേതാണ് നിരീക്ഷണം. മോണ്ടെകാർലോ ലിമിറ്റഡിന്‍റെ ലേലം പരിഗണിക്കണമെന്ന് നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷനോട് നിർദേശിച്ച ഡൽഹി ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ജപ്പാന്‍റെ നിക്ഷേപ ഏജൻസിയായ ജപ്പാൻ ഇന്‍റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി കമ്പനിയുടെ ലേലം നിരസിച്ചിരുന്നു.
യാതൊരു ദുരുദ്ദേശവും ഇല്ലാത്ത ഇത്തരം വിദേശഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടപെടൽ ന്യായമാണോ എന്ന ചോദ്യം പരിഗണിക്കുകയായിരുന്നു കോടതി. ജപ്പാൻ ഇന്‍റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി ഒരു തീരുമാനമെടുത്താൽ അതിൽ ഹൈക്കോടതി ഇടപെടൽ നടത്തേണ്ട ആവശ്യമില്ലെന്നും അത്തരം ഇടപെടലുകൾ ബുള്ളറ്റ് ട്രെയിൻ പോലുള്ള വലിയ പദ്ധതികളിൽ പ്രത്യാഘാതമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
വിദേശ നിക്ഷേപം മൂലമുള്ള പദ്ധതികളിൽ നിയമത്തിന്‍റെ ഇടപെടലിനുള്ള സാധ്യത സർക്കാർ ധനസഹായം നൽകുന്ന പദ്ധതികളേക്കാൾ കുറവാണെന്നും കോടതി വ്യക്തമാക്കി. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ദീർഘനാളത്തെ ചർച്ചകളുടെ ഫലമായ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ ഹൈക്കോടതി അഭിനന്ദിക്കേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു.
ഒരു വികസിത രാജ്യത്തിന്‍റെ കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പയോ സബ്‌സിഡിയോ ഇല്ലാതെ ഒരു വികസ്വര രാജ്യത്തിന് ഇത്രയും ചെലവേറിയ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് മുൻ വിധി ഉദ്ധരിച്ച് കോടതി പറഞ്ഞു.