സിന്ധുദുർഗ്: മഹാരാഷ്‌ട്രയില്‍ പോരിനിടെ, കാള ചത്ത സംഭവത്തില്‍ മുന്‍ മുംബൈ മേയറും ശിവസേന നേതാവുമായ ദത്ത ദൽവിയ്‌ക്കെതിരെ കേസ്. ഇയാള്‍ക്ക് പുറമെ 11 പേർക്കെതിരെയും ജില്ല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. വെങ്കുർലെ താലൂക്കിലെ അസോലി ഗ്രാമത്തില്‍ വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
ശിവസേന എം.പി വിനായക് റാവത്തിന്‍റെ ഗ്രാമമായ മാൽവൻ താലൂക്കിലെ തൽഗാവിന് സമീപമാണ് സംഭവം. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് കാള ചത്തത്. മത്സരത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതോടെയാണ് പൊലീസ് നടപടി.
ALSO READ | പ്രധാനമന്ത്രിക്ക് വധഭീഷണി; ഭീഷണി സന്ദേശം ലഭിച്ചത് എൻഐഎ ഓഫിസിൽ
മത്സരത്തിനിടെ, പ്രദേശത്തെ വിക്കി കെര്‍കാര്‍ എന്നയാള്‍ക്ക് പരിക്കേറ്റു. "മറ്റ് പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം സംഭവസ്ഥലം സന്ദർശിച്ചു. കാളപ്പോര് സംഘടിപ്പിച്ചതില്‍ ഭാഗമായ എല്ലാവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്." സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് നിധിൻ ബാഗ്‌തെ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ജില്ല പൊലീസ് അന്വേഷിച്ചുവരികയാണ്. ആരെങ്കിലും ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തി ചെയ്യുന്നതുകണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും ബാഗ്‌തെ പറഞ്ഞു. കാളപ്പോര് നിരോധിച്ച് സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് മത്സരം സംഘടിപ്പിച്ചത്.