ഷിംല : സമാധാനത്തിന്‍റേയും ഐക്യത്തിന്‍റേയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി ബിഹാറിലെ ബോധ്ഗയയില്‍ നിന്ന് ഹിമാചല്‍ പ്രദേശിലേക്ക് 2100 കിലോമീറ്റര്‍ കാല്‍നട യാത്ര ചെയ്‌ത് ടിബറ്റന്‍ ബുദ്ധ സന്യാസി. എട്ട് മാസം മുമ്പ് ബോധ്ഗയയില്‍ നിന്നാരംഭിച്ച യാത്ര ഇന്നലെയാണ് ധര്‍മശാലയിലെ മക്ലിയോഡ്‌ഗഞ്ചില്‍ സമാപിച്ചത്. കാല്‍ നട യാത്ര നടത്തിയ സന്യാസി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.
സമാധാനത്തിന്‍റെയും ശാന്തിയുടെയും സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് ഈ പദയാത്രയ്ക്ക് പിന്നിലെ ലക്ഷ്യം. യാത്രയ്ക്കിടെ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സന്യാസി പറഞ്ഞു. വേനല്‍ കാലമായതിനാല്‍ ചിലയിടങ്ങളില്‍ കടുത്ത ചൂടാണ് അനുഭവപ്പെട്ടിരുന്നത്. ചൂട് വര്‍ധിക്കുമ്പോള്‍ നടക്കാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ കത്തുന്ന ചൂടിനോ പ്രതികൂല കാലാവസ്ഥയ്‌ക്കോ തന്നെ തളര്‍ത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രയാസങ്ങളെ അതിജീവിച്ച് യാത്ര തുടരാനും അത് മക്ലിയോഡ്‌ഗഞ്ചില്‍ അവസാനിപ്പിക്കാനും കഴിഞ്ഞു. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ കാണാന്‍ കഴിഞ്ഞാല്‍ യാത്ര സഫലമാകും. അദ്ദേഹമാണ് ഇതിന് തനിക്ക് പ്രചോദനമായത്. ദലൈലാമ ലോകത്തിന് സമാധാന സന്ദേശം നല്‍കുന്ന രീതി എനിക്ക് എപ്പോഴും പ്രചോദനമായിട്ടുണ്ട്.
അതിനാല്‍ ആളുകള്‍ക്ക് സമാധാനത്തിന്‍റെ സന്ദേശം നല്‍കാന്‍ എന്തുകൊണ്ട് കാല്‍നട യാത്ര ചെയ്‌ത് കൂടെന്ന് ഞാന്‍ ചിന്തിച്ചു. സമാധാനത്തെയും ഐക്യത്തെയും കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനുള്ള ഏറ്റവും നല്ല മാര്‍ഗമായി ഞാന്‍ കാല്‍നട യാത്ര തെരഞ്ഞെടുക്കുകയായിരുന്നു - സന്യാസി പറഞ്ഞു.
ദലൈലാമ : ലോകമെമ്പാടുമുള്ള ടിബറ്റന്‍ വംശജര്‍ക്ക് ആത്മീയ - ലൗകിക കാര്യങ്ങള്‍ക്ക് വഴികാട്ടിയാണ് ദലൈലാമ. തുള്‍ക്ക് എന്നറിയപ്പെടുന്ന ബുദ്ധ സന്യാസിമാരുടെ പരമ്പരയില്‍പ്പെട്ട ഇദ്ദേഹം പുനര്‍ജനിച്ചതായാണ് ടിബറ്റന്‍ വംശജര്‍ വിശ്വസിച്ചുപോരുന്നത്. ഇദ്ദേഹത്തിന്‍റെ മുഴുവന്‍ പേര് 'ജെറ്റ്‌സണ്‍ ജാംഫെല്‍ ങവാങ് ലൊബ്‌ളാങ് യെഷി ടെന്‍സിന്‍ ഗ്യാറ്റോസ്' എന്നാണ്.
വടക്ക് കിഴക്കന്‍ ടിബറ്റിലെ താക്‌റ്റെസര്‍ എന്ന കര്‍ഷക ഗ്രാമത്തില്‍ 1935 ജൂലൈ 6നാണ് ടെന്‍സിന്‍ ഗ്യാറ്റോസ് ദലൈലാമയുടെ ജനനം. ആഗ്രഹം നിറവേറ്റുന്ന ദൈവം എന്ന് അര്‍ഥം വരുന്ന 'ലാമോ തോണ്ടുപ്' എന്നാണ് ദലൈലാമയെ വീട്ടില്‍ വിളിച്ചിരുന്നത്. കന്നുകാലികളെ മേച്ചും ബാര്‍ലിയടക്കം കൃഷി ചെയ്‌തും കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ദലൈലാമയുടേത്.
നാല് സഹോദരന്മാരും രണ്ട് സഹോദരിമാരുമാണ് ലാമോയ്‌ക്ക് ഉണ്ടായിരുന്നത്. ഇതില്‍ മൂത്ത സഹോദരിയ്‌ക്ക് ലാമോ ജനിക്കുമ്പോള്‍ 18 വയസായിരുന്നു. ലാമോയെ പ്രസവിച്ച സമയത്ത് മാതാവിനെ ശുശ്രൂഷിച്ചതെല്ലാം മൂത്ത സഹോദരിയായിരുന്നു.
ടിബറ്റന്‍ വംശജരുടെ വിശ്വാസ പ്രകാരം 13ാം ദലൈലാമയുടെ പുനര്‍ജന്മമാണ് ടെന്‍സിന്‍ ഗ്യാറ്റോസിന്‍റേത്. 1940 ഫെബ്രുവരി 20നാണ് ടെന്‍സിന്‍ ഗ്യാറ്റോസിനെ ദലൈലാമായായി വാഴിക്കുന്നത്. 24ാം വയസില്‍ സ്വന്തം രാജ്യത്തുനിന്ന് അദ്ദേഹം പലായനം ചെയ്യുകയും ഇന്ത്യയില്‍ ഇന്നും അഭയാര്‍ഥിയായി കഴിയുകയുമാണ്.