ഗാന്ധിനഗർ: ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ രണ്ട് ആശുപത്രികളിൽ ഓക്‌സിജന്‍റെ അഭാവം മൂലം പത്ത് കൊവിഡ് രോഗികൾ മരിച്ചു. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് ഓക്‌സിജൻ ക്ഷാമം മൂലം രോഗികൾ മരിക്കുന്നത്. ഓക്‌സിജൻ ലഭ്യമാകാത്തതിനെ തുടർന്ന് ദീസയിലെ ഒരു ആശുപത്രിയിൽ ഒറ്റദിവസം കൊണ്ട് ഐസിയുവിലായിരുന്ന അഞ്ച് കൊവിഡ് രോഗികളാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇവർക്ക് നേരത്തേ ധനേരയിൽ നിന്നും ഓക്‌സിജൻ എത്തിച്ചിരുന്നു.
ബനസ്‌കന്ത ജില്ലയിലെ പല ആശുപത്രികളിലായി ഇത്തരത്തിൽ പത്തോളം പേരാണ് ഓക്‌സിജൻ ലഭിക്കാതെ മരിച്ചത്. ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഈ സാഹചര്യത്തിലും രോഗികളുടെ വർധനവ് അധികരിക്കുകയാണ്. ദീസയിലെ പല ആശുപത്രികളിലായി ഇന്നുമാത്രം മണിക്കൂറുകളുടെ വ്യത്യാസത്തിൽ നിരവധി രോഗികളാണ് ഓക്‌സിജൻ ലഭിക്കാതെ മരിച്ചത്.