പാനിപത് (ഹരിയാന): ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് ബിപിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. ഹരിയാനയിലെ പാനിപത് സ്വദേശിയായ യുവതിക്കാണ് സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാത്തത്. യുവതി രണ്ട് വർഷം മുൻപ് ആസിഡ് ആക്രമണത്തിന് ഇരയാകുകയായിരുന്നു.
ആക്രമണത്തിൽ യുവതിയുടെ കാഴ്‌ചശക്തി 90 ശതമാനം നഷ്‌ടപ്പെട്ടു. ഇതോടെ യുവതിക്ക് ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയായി. എന്നാൽ, റേഷൻ കാർഡിൽ സ്‌ത്രീയുടെ വരുമാനം 10,000 രൂപയാണ് എന്നാണ് കാണിച്ചിരിക്കുന്നത്.
12,000 രൂപയ്‌ക്ക് ഫാക്‌ടറിയിൽ കൂലിപ്പണി ചെയ്യുന്ന ഭർത്താവിന്‍റെ വരുമാനം പ്രതിമാസം 25,000 രൂപയാണെന്ന് തെറ്റായി കാണിച്ചിരിക്കുന്നു. ഇക്കാരണത്താൽ, ഇവർക്ക് യാതൊരു ആനുകൂല്യവും സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല. യുവതിക്ക് 63ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ആസിഡ് ആക്രമണത്തിന് ശേഷം മൂന്ന് ലക്ഷം രൂപ സർക്കാർ ധനസഹായം നൽകിയിരുന്നു. എന്നാൽ, അതിന് ശേഷം പെൻഷൻ പോലുള്ള മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, പ്രതിമാസം ലഭിക്കുന്ന ബിപിഎൽ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ആസിഡ് ആക്രമണത്തിന് മുൻപ് താൻ ഒരു ഫാക്‌ടറിയിൽ ജോലി ചെയ്‌തിരുന്നു. കൂടാതെ തയ്യൽ ജോലിയും ചെയ്‌തിരുന്നു. ഇത് മുൻനിർത്തിയാണ് റേഷൻ കാർഡിലെ വരുമാനം കണക്കാക്കിയത്. എന്നാൽ, ഇന്ന് യാതൊരു ജോലിയും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. എന്നിട്ടും ഒരു ആനുകൂല്യവും ലഭിക്കുന്നില്ലെന്ന് യുവതി പറയുന്നു.
മൂന്ന് കുട്ടികളാണ് ഇവർക്കുള്ളത്. ഇവരുടെ പഠന ചെലവും വീട്ടിലെ ചെലവും കൂടി വലിയ ബാധ്യതയാണ് കുടുംബം നേരിടുന്നത്. 2020 ഒകാടോബർ 26നാണ് യുവതി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. അസുഖത്തെ തുടർന്ന് ഫാക്‌ടറിയിൽ നിന്ന് ഉച്ചഭക്ഷണത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവതിയെ യുവാക്കൾ ആക്രമിച്ചത്.
മുഖംമൂടി ധരിച്ച രണ്ട് യുവാക്കൾ ബൈക്കിലെത്തി യുവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിക്ക് സാരമായി പൊള്ളലേറ്റു. കാഴ്‌ചശക്തി 90 ശതമാനം നഷ്‌ടപ്പെട്ടു. സംഭവം നടന്ന് രണ്ട് വർഷത്തിനിപ്പുറവും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.