ജൻജ്‌ഗിര്‍: ഛത്തീസ്‌ഗഡില്‍ കുഴൽക്കിണറിൽ വീണ 12കാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ജൻജ്‌ഗിര്‍ - ചമ്പ ജില്ലയിലെ പിഹ്രിദ് ഗ്രാമത്തിലാണ് സംഭവം. 60 അടി താഴ്‌ചയുള്ള കിണറ്റിലാണ് കുട്ടി അകപ്പെട്ടത്.
പുറമെ നിന്ന് മൂന്ന് അടി മാത്രം അകലെയാണ് കുട്ടി ഇപ്പോഴുള്ളത്. രാഹുലിന്‍റെ അടുത്തെത്താനുള്ള തുരങ്കം നിർമിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. പാറ തടസം സൃഷ്‌ടിക്കുന്നതായാണ് വിവരം. ഇത് കണക്കിലെടുത്ത് ബിലാസ്‌പുരിൽ നിന്ന് തുരങ്കം നിര്‍മിക്കാനുള്ള മെഷീന്‍ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
രാഹുലിന്‍റെ സുരക്ഷ കണക്കിലെടുത്ത് പ്രവൃത്തിയുടെ വേഗത താരതമ്യേനെ കുറച്ചിരിക്കുകയാണ്. എൻ.ഡി.ആർ.എഫ് കയർ കൊണ്ട് രക്ഷപ്പെടുത്താനും ശ്രമം നടത്തുകയുണ്ടായി. ജൻജ്‌ഗിറിലെ മൽഖരോഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തില്‍ വെള്ളിയാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കളിച്ചുകൊണ്ടിരിക്കെ വീട്ടുമുറ്റത്തുള്ള ഉപയോഗിക്കാത്ത കുഴല്‍ക്കിണറില്‍ കുട്ടി വീഴുകയായിരുന്നു. വൈകിട്ട് നാലോടെയാണ് വിവരം വീട്ടുകാര്‍ അറിഞ്ഞത്.
ALSO READ| ഛത്തീസ്‌ഗഡിൽ കുഴൽക്കിണറിൽ വീണ 11കാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; റോബോട്ട് വിദഗ്‌ധർ സ്ഥലത്തെത്തി
വെള്ളിയാഴ്‌ച വൈകിട്ട് അഞ്ച് മണിക്കാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഗുജറാത്തിൽ നിന്നുള്ള റോബോട്ട് വിദഗ്‌ധരെ വരെ സ്ഥലത്തെത്തിച്ച് രക്ഷാപ്രവർത്തനം നടത്തി. എൻ.ഡി.ആർ.എഫിന്‍റെയും ആർമിയുടെയും ഉദ്യോഗസ്ഥരടക്കം 500 ലധികം പേരടങ്ങുന്ന രക്ഷാസംഘം ആധുനിക ഉപകരണങ്ങളും വാഹനങ്ങളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ക്യാമറകളിലൂടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയുടെ നില നിരീക്ഷിച്ച് വരികയാണ്.