രാമനഗര(കര്‍ണാടക): തദ്ദേശീയമായി നിര്‍മിച്ച തോക്ക് ഉപയോഗിച്ച് കളിക്കുമ്പോള്‍ സഹോദരന്‍റെ വെടിയേറ്റ് ഏഴ് വയസുകാരന്‍ മരിച്ചു. കനകപ്പുര താലൂക്കില്‍ കഡാശിവനഹള്ളി ഗ്രാമത്തില്‍ ഇന്നലെയായിരുന്നു സംഭവം. മല്ലേശ് എന്ന വ്യക്തിയുടെ സ്വകാര്യ ഫാമില്‍ ജോലി ചെയ്‌തു വരികയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ അമിനുള്ളയുടെ മകന്‍ ശാമയാണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തി.
അമിനുള്ള ജോലി ചെയ്യുന്ന സമയം ഫാം ഹൗസില്‍ സൂക്ഷിച്ചിരുന്ന തദ്ദേശീയമായ നിര്‍മിച്ച തോക്ക് ഉപയോഗിച്ച് രണ്ട് കുട്ടികളും കളിക്കുകയായിരുന്നു. ഈ സമയം യാദൃശ്ചികമായി മൂത്ത സഹോദരന്‍ തോക്കിന്‍റെ ട്രിഗറില്‍ അമര്‍ത്തിയതിനെ തുടര്‍ന്ന് ശാമ വെടിയേറ്റ് തല്‍സമയം മരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസ് തോക്ക് കൈവശം സൂക്ഷിച്ചതിന് ഫാം ഉടമയായ മല്ലേശിനെ അറസ്‌റ്റ് ചെയ്യുകയും മൂത്ത കുട്ടിയെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു.