പട്‌ന: ബിഹാറിലെ സോന്‍ നദിക്ക് കുറുകെ നിര്‍മിച്ച പാലത്തിന്‍റെ തൂണിനും സ്ലാബിനുമിടയില്‍ കുടുങ്ങിയ 11 വയസുകാരന്‍ മരിച്ചു. ബിഹാറിലെ റോഹ്‌താസ് ജില്ലയിലെ അതിമി ഗ്രാമത്തിലായിരുന്നു സംഭവം. പാലത്തിനിടയില്‍ കുടുങ്ങിയ ശേഷം 20 മണിക്കൂര്‍ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തിന് തൊട്ടുപിന്നാലെയാണ് മരണപ്പെട്ടത്.
മരണപ്പെട്ടത് രഞ്ജന്‍ കുമാര്‍ എന്ന കുട്ടിയാണെന്ന് ബിക്രമഗഞ്ചിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ ഉപേന്ദ്ര പാല്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്ത ശേഷം കുട്ടിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സസറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രക്ഷാപ്രവര്‍ത്തിന് ദേശീയ ദുരന്ത നിവാരണ സേനയും പൂര്‍ണ പിന്തുണ നല്‍കിയിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
കുട്ടിയെ കാണാതായത് രണ്ട് ദിവസം മുമ്പെന്ന് പിതാവ്: നസ്രിഗഞ്ച്-ദൗദ്‌നഗർ പാലത്തിനിടയിലായിരുന്നു കുട്ടി കുടുങ്ങിയത്. മാനസികാസ്വാസ്ഥ്യമുള്ള തന്‍റെ മകനെ രണ്ട് ദിവസം മുന്‍പ് കാണാതായെന്ന് കുട്ടിയുടെ പിതാവ് ശത്രുഖാന്‍ പ്രസാദ് പ്രാദേശിക അധികാരികളെ അറിയിച്ചിരുന്നു. പിന്നീട് ഒരു സ്‌ത്രീ വഴിയാണ് കുട്ടി പാലത്തിനിടയില്‍ കുടുങ്ങിയ വിവരം അറിയുന്നത്.
കഴിഞ്ഞ ദിവസം കുട്ടി പാലത്തിന്‍റെ തൂണിനും സ്ലാബിനുമിടയില്‍ അകപ്പെട്ടുവെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ദേശീയ ദുരന്ത നിവാരണ സേനയെയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും വിവരമറിയിച്ചിരുന്നുവെന്ന് നസ്‌റിഗഞ്ചിലെ ബ്ലോക്ക് ഓഫിസര്‍ ജാഫര്‍ ഇമാം പറഞ്ഞു. കുട്ടിക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ അതീവ ജാഗ്രതയോടെയാണ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുട്ടിയെ പുറത്തെടുക്കുന്നത് വരെ പൈപ്പ് വഴി ഓക്‌സിജന്‍ വിതരണം ചെയ്‌തിരുന്നു.
കുട്ടിയെ പുറത്തെടുക്കാന്‍ സംഘത്തിന് ആദ്യം പാലത്തിന്‍റെ തൂണ്‍ മുറിക്കേണ്ടി വന്നെങ്കിലും ശ്രമം പാഴാകുകയായിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘത്തെ വിളിച്ചു വരുത്തി കുട്ടിയെ പുറത്തെടുത്തു.
300 അടി താഴ്‌ചയുള്ള കുഴല്‍ കിണറില്‍ കുടുങ്ങി മൂന്നര വയസുകാരി: കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ തുറന്നുവച്ച 300 അടി താഴ്‌ചയുള്ള കുഴല്‍ കിണറില്‍ മൂന്നര വയസുകാരി അകപ്പെട്ടിരുന്നു. മുഗ്‌വായി ഗ്രാമത്തിലെ സൃഷ്‌ടി കുഷ്‌വാഹ എന്ന പെണ്‍കുട്ടിയായിരുന്നു അപകടത്തില്‍പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടി കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. ജെസിബി പോലുള്ള വാഹനങ്ങള്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കുഴല്‍കിണറിന് അനുബന്ധമായി മറ്റൊരു കിണര്‍ കുഴിച്ച് ഒരു ടണല്‍ വഴി സൃഷ്‌ടിയുടെ അടുത്തേയ്‌ക്ക് എത്തിച്ചേരാനായിരുന്നു തീരുമാനിച്ചത്. കിണറിന്‍റെ 100 അടി താഴ്‌ചയിലാണ് നിലവില്‍ കുട്ടി അകപ്പെട്ടിട്ടുള്ളത്. കിണറിനുള്ളില്‍ ഓക്‌സിജന്‍ എത്തിച്ചിരുന്നു.
'ഏകദേശം ഒരു മണിയോട് കൂടിയാണ് അവള്‍ കിണറില്‍ വീണത്. സൃഷ്‌ടി വീഴുന്നത് കണ്ട് രക്ഷിക്കാന്‍ ഞാന്‍ ഓടിയെത്തിയിരുന്നു. എന്നാല്‍, അവള്‍ അതിനോടകം തന്നെ ഉള്ളില്‍ അകപ്പെട്ടുപോയിരുന്നു. സഹായത്തിനായി ഞാന്‍ എല്ലാവരെയും ഉറക്കെ വിളിച്ചിരുന്നുവെങ്കിലും ഭര്‍തൃമാതാവല്ലാതെ വീട്ടില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. കിണറിനുള്ളില്‍ വീണപ്പോള്‍ അവള്‍ എന്നെ വിളിച്ചു കരഞ്ഞിരുന്നുവെന്ന്' സൃഷ്‌ടിയുടെ അമ്മ പറഞ്ഞു.
കിണര്‍ കുഴിക്കുന്നത് മൂലമുള്ള പ്രകമ്പനത്തെ തുടര്‍ന്ന് കുട്ടി കൂടുതല്‍ അഴത്തിലേയ്‌ക്ക് പതിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.