മഥുര : കൃത്യസമയത്ത് ട്യൂഷൻ ഫീസ് അടച്ചില്ലെന്ന് ആരോപിച്ച് 12 വയസുകാരനെ അധ്യാപകൻ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ മഥുര, രദോയി ഗ്രാമത്തിലാണ് സംഭവം. അടിയേറ്റ് ഗുരുതരാവസ്ഥയിലായ ശിവം എന്ന കുട്ടിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച മരണപ്പെടുകയായിരുന്നു.
അധ്യാപകന്‍ കേശവ് ഗൗതത്തിനെതിരെ കുടുംബം ബാൽദേവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ട്യൂഷനായി കുട്ടി ഇയാളുടെ വീട്ടിലേക്ക് നിത്യവും പോകാറുണ്ടായിരുന്നു.
കുട്ടിയുടെ വിശദീകരണം കണക്കിലെടുക്കാതെ മര്‍ദനം
അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസത്തേക്ക് ശിവത്തിന് ക്ലാസില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. സുഖം പ്രാപിച്ചതിനുശേഷം ഓഗസ്റ്റ് 29 ന് കുട്ടി ട്യൂഷന് എത്തി. അവധിയിലായിരുന്ന സമയത്ത് ശിവത്തിന് ട്യൂഷൻ ഫീസ് കൃത്യസമയത്ത് അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.
തനിക്കും അച്ഛനും സുഖമില്ലായിരുന്നുവെന്നും ഇതുകൊണ്ടാണ് ഫീസ് അടയ്‌ക്കാന്‍ കഴിയാതിരുന്നുവെന്നും കുട്ടി കേശവിനോടു പറഞ്ഞു. എന്നാല്‍, 12 കാരന്‍റെ മറുപടി വിശ്വാസത്തിലെടുക്കാതെ അധ്യാപകന്‍ കുട്ടിയെ നിരന്തരം മർദിയ്‌ക്കുകയായിരുന്നു.
പൊലീസില്‍ പരാതി നല്‍കേണ്ടതില്ലെന്നും ചികിത്സ തങ്ങൾ ഏറ്റെടുക്കാമെന്നും കുട്ടിയുടെ കുടുംബത്തോട് ഗ്രാമത്തലവന്‍ നിര്‍ദേശിച്ചു. ഇതേതുടര്‍ന്ന്, പരാതി നല്‍കാന്‍ ശിവത്തിന്‍റെ മാതാപിതാക്കള്‍ ആദ്യം തയ്യാറായിരുന്നില്ല.
മരണത്തെ തുടര്‍ന്നാണ് കുടുബം പൊലീസില്‍ പരാതിപ്പെട്ടത്. കേസെടുത്ത് അധികൃതര്‍ അന്വേഷണം ഊര്‍ജിതമാക്കി.
ALSO READ: കള്ളപ്പണം വെളുപ്പിക്കൽ : ദേശ്‌മുഖിനെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് ഇഡി