അഹമ്മദാബാദ് (ഗുജറാത്ത്): ലോകത്ത് ഗുണകരമായ മാറ്റങ്ങൾ വരുത്താൻ മഹാത്മാഗാന്ധി ആചരിച്ച സത്യത്തിന്‍റെയും അഹിംസയുടെയും തത്വങ്ങളിൽ ആശ്ചര്യം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേഷ് പട്ടേലിനൊപ്പം സബർമതി ആശ്രമത്തിലെത്തിയ ബോറിസ് ജോൺസൺ സന്ദർശക പുസ്‌തകത്തിൽ ഗാന്ധിജി നയിച്ച ജീവിതരീതിയെ പ്രശംസിച്ച് കുറിപ്പ് എഴുതുകയും ചെയ്‌തു.
അസാമാന്യ മനുഷ്യന്‍റെ ആശ്രമത്തിൽ വരാൻ കഴിഞ്ഞതും ലോകത്തെ മികച്ച രീതിയിൽ മാറ്റാൻ സത്യത്തിന്‍റെയും അഹിംസയുടേയും തത്വങ്ങൾ ഗാന്ധി എങ്ങനെ ഉപയോഗപ്പെടുത്തി എന്ന് മനസിലാക്കാൻ സാധിച്ചതും ഭാഗ്യമാണെന്നും ജോൺസൺ സന്ദർശക പുസ്‌തകത്തിൽ കുറിച്ചു.
ദ്വിദിന ഇന്ത്യ സന്ദർശനത്തിന്‍റെ ഭാഗമായാണ് ജോൺസൺ വ്യാഴാഴ്‌ച രാവിലെ ഗുജറാത്തിലെത്തിയത്. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് വൻവരവേൽപ്പാണ് നൽകിയത്. ഇന്തോ-പസഫിക്കിലെ സഹകരണം വർധിപ്പിക്കുക, ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്‍റെ ചർച്ചകൾക്ക് ആക്കം കൂട്ടുക, പ്രതിരോധ ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്നിവയാണ് ജോൺസന്‍റെ സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യങ്ങൾ.
Also Read: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഹമ്മദാബാദിൽ; മോദിയുമായി കൂടിക്കാഴ്‌ച നാളെ