കൊൽക്കത്ത (പശ്ചിമ ബംഗാൾ) : തീവ്രവാദികളുടെ ബോംബ് ഭീഷണിയെ (Bomb threat at Indian Museum Kolkata) തുടർന്ന് കൊൽക്കത്ത ഇന്ത്യൻ മ്യൂസിയത്തിൽ സന്ദർശകർക്ക് താത്‌കാലിക വിലക്ക് ഏർപ്പെടുത്തി (visitor's entry stopped in Kolkata Indian Museum). ഇന്ത്യൻ മ്യൂസിയം തകർക്കുമെന്ന് പറഞ്ഞ് കൊൽക്കത്ത പൊലീസിന് ഇന്ന് ലഭിച്ച ഭീഷണി മെയിലിനെ തുടർന്നാണ് നടപടി. ഭീഷണി ലഭിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം സന്ദർശകർക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
ചരിത്ര പ്രാധാന്യമുള്ള ഇന്ത്യൻ മ്യൂസിയത്തിന് (Indian Museum Kolkata) ഇന്നാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് കൊൽക്കത്ത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം ലഭിച്ച ഉടൻ തന്നെ സുരക്ഷ കണക്കിലെടുത്ത് മ്യൂസിയത്തിൽ നിന്ന് സന്ദർശകരെയും ജീവനക്കാരെയും ഒഴിപ്പിച്ചിരുന്നു.
ഡോഗ് സ്‌ക്വാഡ്, ബോംബ് നിർവീര്യമാക്കുന്ന വിദഗ്‌ധ സംഘം ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി ഉടൻ തന്നെ പരിശോധനകൾ ആരംഭിച്ചു. മ്യൂസിയത്തിന് ചുറ്റും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. ഭീഷണി സന്ദേശത്തെ തുടർന്ന് വിശദമായ തെരച്ചിൽ നടത്തിയെങ്കിലും മ്യൂസിയം പരിസരത്ത് സ്‌ഫോടക വസ്‌തുക്കളോ സംശയാസ്‌പദമായ ഉപകരണങ്ങളോ കണ്ടെത്താനായില്ല.
സംഭവത്തിൽ പഴുതടച്ച അന്വേഷണം നടത്തുമെന്ന് കൊൽക്കത്ത ഇന്‍റലിജൻസ് ഡിപ്പാർട്ട്‌മെന്‍റിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ടെററൈസർ 111 എന്ന സംഘടനയുടെ പേരിലാണ് ഇമെയിൽ അയച്ചതെന്നാണ് വിവരം. കൊൽക്കത്ത പൊലീസിന്‍റെ ഔദ്യോഗിക മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
മ്യൂസിയം കാണാനെത്തിയ വിനോദ സഞ്ചാരികളിൽ വാർത്ത പരിഭ്രാന്തി പരത്തിയിരുന്നു. ഇന്ത്യൻ മ്യൂസിയത്തിന്‍റെ പലയിടങ്ങളിലായി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സംഘടനയ്‌ക്കെതിരായ എല്ലാ കേസുകളും പിൻവലിക്കണമെന്നും പറഞ്ഞാണ് മെയിൽ അയച്ചതെന്നാണ് വിവരം. എന്നാൽ ഭീഷണി ഇമെയിലിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സംഭവത്തെ തുടർന്ന് കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ വിനീത് ഗോയൽ സ്ഥലത്തെത്തിയിരുന്നു. കൊൽക്കത്ത പൊലീസ്, എസ് ടി എഫ്, ബോംബ് സ്ക്വാഡ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. സംഭവത്തെ തുടർന്ന് സുരക്ഷ മുൻകരുതലെന്ന നിലയിൽ കൊൽക്കത്തയിലെ അലിപൂർ മൃഗശാലയിൽ നിന്നും സന്ദർശകരെ പൊലീസ് ഒഴിപ്പിച്ചു.
നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്‌തു ശേഖരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ മ്യൂസിയം. വിദേശികളടക്കം അനേകം സന്ദർശകരാണ് മ്യൂസിയത്തിൽ ദിനംപ്രതി എത്തുന്നത്.
Also read: ഗവര്‍ണറുടെ വസതിയ്‌ക്ക് ബോംബ് ഭീഷണി, ഫോണ്‍ വിളി ബെംഗളൂരു എന്‍ഐഎ കണ്‍ട്രോള്‍ റൂമിലേക്ക്
കര്‍ണാടക ഗവര്‍ണറുടെ വസതിയിവും ബോംബ് ഭീഷണി : കഴിഞ്ഞ മാസമാണ് കര്‍ണാടകയില്‍ ബെംഗളൂരുവിലെ ഗവര്‍ണറുടെ ഔദ്യോഗിക വസതിയ്‌ക്ക് ബോംബ് ഭീഷണി ഉണ്ടായത്. കേന്ദ്ര അന്വേഷണ ഏജന്‍സിയായ എൻഐഎയുടെ കണ്‍ട്രോള്‍ റൂമിലേക്കാണ് ഡിസംബർ 11ന് അജ്ഞാത നമ്പറില്‍ നിന്നും കോള്‍ എത്തിയത്. അതേസമയം തിരുവനന്തപുരം സെക്രട്ടേറിയറ്റിനെ ഒരു മണിക്കൂറോളം ആശങ്കയുടെ മുൾമുനയിൽ നിർത്തിയ ബോംബ് ഭീഷണി സന്ദേശം വ്യാജമെന്ന് കഴിഞ്ഞ നവംബറിൽ പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം പൊഴിയൂർ സ്വദേശിയായ നിതിൻ ആണ് സന്ദേശത്തിന് പിന്നിൽ.