ഡെറാഡൂൺ: ട്രാഫിക്ക് ബ്ലോക്ക് ചെയ്ത് നടുറോഡില്‍ മദ്യപാനം, വിമാനത്തില്‍ ഇരുന്ന് പുകവലി. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ബോബി കതാരിയക്കെതിരെ നടപടിക്ക് ഉത്തരവിട്ട് പൊലീസും വ്യോമയാന മന്ത്രാലയവും. സ്പൈസ് ജെറ്റ് വിമാനത്തിലെ സീറ്റില്‍ കിടന്നാണ് ഇയാള്‍ സിഗരറ്റ് വലിച്ചത്. ഉത്തരാഖണ്ഡിലെ റോഡുകളിലൂടെ ഇയാള്‍ ബുള്ളറ്റ് സ്റ്റണ്ട് നടത്തുന്നതും വീഡിയോയില്‍ കാണാം.
2022 ജനുവരി 23-നായിരുന്നു ഇയാള്‍ ഡൽഹിയിലേക്ക് യാത്ര ചെയ്തത്. അന്ന് പകര്‍ത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. 2022 ഫെബ്രുവരിയിലാണ് പുകവലിക്കുന്ന വീഡിയോ പുറത്ത് വിട്ടത്. ഇതോടെ സിവിൽ ഏവിയേഷൻ ഡിപ്പാര്‍ട്ട്മെന്‍റ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. വിഷയം ഉന്നത സമിതിക്ക് കൈമാറിയതോടെ സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇടപെടുകയും ഇയാള്‍ക്ക് 15 ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഇയാള്‍ പൊതു സ്ഥലത്ത് മദ്യപിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതായി ഡിജിപി അശോക് കുമാര്‍ അറിയിച്ചു. എസ്എസ്പിയോട് അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുഗ്രാമിലെ ബസായി ഗ്രാമത്തിൽ നിന്നുള്ള വ്യക്തിയാണ് ഇയാള്‍. ഇൻസ്റ്റാഗ്രാമിൽ 6 ലക്ഷത്തിലധികം ഫോളോവേഴ്‌സും ഇയാള്‍ക്കുണ്ട്. ഫിറ്റ്‌നസ് ഫ്രീക്ക്, സാമൂഹ്യ പ്രവര്‍ത്തനം എന്നിവയുടെ പേരിലാണ് ഇയാള്‍ പ്രശസ്തനായത്. ബൽവന്ത് കതാരിയ എന്നാണ് യഥാർത്ഥ പേര്.