ന്യൂഡൽഹി: ഇസ്രയേൽ എംബസിക്ക് സമീപം ചൊവ്വാഴ്‌ചയുണ്ടായ സ്‌ഫോടനത്തിൽ അന്വേഷണം ആരംഭിച്ച് ദേശീയ അന്വേഷണ ഏജൻസി (National Investigation Agency - എൻഐഎ). ഡൽഹി സ്‌പെഷ്യൽ സെല്ലും ഡോഗ് സ്‌ക്വാഡും അടങ്ങുന്ന എൻഐഎ ഉദ്യോഗസ്ഥ സംഘം ബുധനാഴ്‌ച രാവിലെ ഇസ്രയേൽ എംബസിയിലെത്തി (Blast near Israel Embassy in Delhi; NIA launches probe). സ്‌ഫോടനത്തിന് മുമ്പ് രണ്ട് പേരെ സംഭവസ്ഥലത്ത് കണ്ടതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
'സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ, സംശയാസ്‌പദമായി രണ്ട് പേർ ചൊവ്വാഴ്‌ച വൈകുന്നേരം സംഭവ സ്ഥലത്തിന് സമീപം കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു.' ഇരുവരെയും തിരിച്ചറിയാനും കണ്ടെത്താനും പ്രദേശത്തെ ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനിടെ, ഇസ്രയേലികൾ ധാരാളമായി താമസിക്കുന്ന പഹാർഗഞ്ചിലെ ചബാദ് ഹൗസിന് (Chabad House in Paharganj) ചുറ്റും പൊലീസ് സുരക്ഷ ശക്തമാക്കി.
ചാണക്യപുരിയിലെ ഇസ്രയേൽ എംബസിക്ക് സമീപമാണ് ചൊവ്വാഴ്‌ച സ്‌ഫോടനം നടന്നത് (Blast near Israel embassy in New Delhi). സ്‌ഫോടനത്തിന് പിന്നാലെ നടന്ന വിപുലമായ തെരച്ചിലിനൊടുവിൽ ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡറെ അഭിസംബോധന ചെയ്‌തിട്ടുള്ള, ടൈപ്പ് ചെയ്‌ത കത്ത് ഉൾപ്പടെയുള്ള തെളിവുകൾ കണ്ടെത്തിയതായി ഉറവിടങ്ങൾ സ്ഥിരീകരിച്ചു. കത്തിലെ ഉള്ളടക്കത്തെക്കുറിച്ച് വിശദാംശങ്ങൾ നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.
'ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം വൈകുന്നേരം 5:45ന് സ്‌ഫോടനം റിപ്പോർട്ട് ചെയ്‌തുകൊണ്ടുള്ള ഒരു കോൾ ലഭിച്ചു. ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് ഫയർ ടെൻഡർ അയച്ചു'- ഡൽഹി ഫയർ സർവീസ് (DFS) പറയുന്നു.
ഇസ്രയേൽ എംബസിയുടെ പിൻഭാഗത്ത് നിന്ന് വലിയ ശബ്‌ദം കേട്ടു എന്ന വിവരമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് 5:53 ന് ഡൽഹി പൊലീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. പ്രദേശത്തിന്‍റെ സെൻസിറ്റിവിറ്റിയും സ്‌ഫോടനവുമായി സാമ്യമുള്ള ശബ്‌ദവും കണക്കിലെടുത്ത് ഒരു ഡോഗ് സ്‌ക്വാഡ്, ക്രൈം ടീം എന്നിവയെ അങ്ങോട്ടേക്ക് അയച്ചിരുന്നതായും ഡൽഹി പൊലീസ് വക്താവ് പറഞ്ഞു.
അതേസമയം സംഭവത്തിന് പിന്നാലെ നയതന്ത്രജ്ഞരും തൊഴിലാളികളുമടക്കം എല്ലാവരും സുരക്ഷിതരാണെന്ന് 'മിഷൻ ടു ഇന്ത്യ'യുടെ ഇസ്രയേൽ ഡെപ്യൂട്ടി മേധാവി ഒഹാദ് നകാഷ് കെയ്‌നാർ അറിയിച്ചിരുന്നു. ഡൽഹി പൊലീസും സുരക്ഷാ സേനയും സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
READ MORE: ന്യൂഡൽഹിയില്‍ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം; എല്ലാവരും സുരക്ഷിതർ