ഇസ്‌ലാമാബാദ്: അഫ്‌ഗാനിസ്ഥാനിൽ നടന്ന സ്‌ഫോടന പരമ്പരയിൽ 14 പേർ കൊല്ലപ്പെട്ടു. രണ്ടിടത്താണ് സ്ഫോടനം ഉണ്ടായത്. കാബൂളിന്‍റെ തലസ്ഥാനത്തെ ഹസ്രത്ത് സക്കരിയ മസ്‌ജിദിലും, രാജ്യത്തിന്‍റെ വടക്കൻ നഗരമായ മസാർ-ഇ-ഷെരീഫിലും ആണ് സ്ഫോടനം നടന്നത്.
മസ്‌ജിദിൽ നടന്ന സ്‌ഫോടനത്തിൽ 5 പേർ കൊല്ലപ്പെട്ടു. മസാർ-ഇ-ഷെരീഫിൽ മിനിവാനുകൾക്ക് നേരെ നടന്ന സ്‌ഫോടനത്തിൽ 9 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി താലിബാൻ നിയുക്ത വക്താവ് മുഹമ്മദ് ആസിഫ് വസീരി പറഞ്ഞു.
മസ്‌ജിദ് ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട അഞ്ച് പേർ ഉൾപ്പെടെ 22 പേരെ കാബൂൾ എമർജൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. നഗരത്തിലെ സെൻട്രൽ പൊലീസ് ഡിസ്ട്രിക്റ്റ് 4 ലെ ഹസ്രത്ത് സക്കരിയ മസ്‌ജിദിൽ സായാഹ്ന പ്രാർഥനക്കായി ആളുകൾ എത്തിയപ്പോഴാണ് സ്‌ഫോടനം നടന്നത് എന്ന് താലിബാൻ പൊലീസ് വ്യക്തമാക്കി.
മിനിവാൻ സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്‍റെ പ്രാദേശിക അഫിലിയേറ്റ് ഏറ്റെടുത്തതായും കാബൂൾ മസ്‌ജിദ് സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഖൊറാസാൻ പ്രവിശ്യയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്‍റെ പ്രാദേശിക അഫിലിയേറ്റ് ഏറ്റെടുത്തതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.
2014 മുതൽ അഫ്‌ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന ഐഎസ് അനുബന്ധ സംഘടന രാജ്യത്തെ പുതിയ താലിബാൻ ഭരണാധികാരികൾ നേരിടുന്ന ഏറ്റവും വലിയ സുരക്ഷ വെല്ലുവിളിയായാണ് കാണുന്നത്.
Also read: അഫ്‌ഗാനിസ്ഥാനില്‍ വീണ്ടും സ്ഫോടനം; 10 പേര്‍ കൊല്ലപ്പെട്ടു, 15 പേര്‍ക്ക് പരിക്ക്