റാഞ്ചി: ജാർഖണ്ഡില്‍ നക്‌സലുകള്‍ക്കെതിരായ ഓപ്പറേഷനിടെയുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്. ചൈബാസയിലെ സർജൻ ബുരു വനമേഖലയിലാണ് അത്യുഗ്ര സ്‌ഫോടന ശേഷിയുള്ള ഐഇഡി ബോംബ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റ സൈനികരെ ഉടൻതന്നെ ഹെലികോപ്റ്ററിൽ റാഞ്ചിയിലെ ആശുപത്രിയില്‍ എത്തിച്ചു.
ദിവസങ്ങൾക്ക് മുന്‍പ് ധൻബാദിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബൈക്കിൽ സ്‌ഫോടക വസ്‌തുക്കളുമായി പച്ചക്കറി മാർക്കറ്റിൽ എത്തിയ ആളാണ് സ്‌ഫോടനം നടത്തിയത്. രാജ്യത്ത് നക്‌സൽ ആക്രമണങ്ങള്‍ കുറഞ്ഞുവെന്ന തരത്തില്‍ കേന്ദ്ര സർക്കാർ അവകാശവാദങ്ങൾ നടത്തുന്നതിനിടെയാണ് സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.
അടുത്തിടെ, സമാപിച്ച പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിലായിരുന്നു നക്‌സൽ അക്രമ സംഭവങ്ങളുടെ കണക്കുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ അവകാശവാദം ഉന്നയിച്ചത്. 2010ല്‍ 2,213 നക്‌സല്‍ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ 2021ൽ അത് 509 ആയി കുറഞ്ഞു. ആക്രമണങ്ങളില്‍ 77 ശതമാനം കുറവാണ് ഉണ്ടായതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാദം.