എലുരു (ആന്ധ്രപ്രദേശ്): കൃഷിയിടത്തില്‍ നിന്ന് നിധി കണ്ടെത്താനായി മന്ത്രവാദവും പൂജയും നടത്തിയ സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ മുസുനുരു മണ്ഡലത്തില്‍ ഗോപവാരം ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ കര്‍ഷകനായ ബോഡ രാജേഷ് ആണ് തന്‍റെ നാരങ്ങ തോട്ടത്തില്‍ നിന്ന് നിധി കണ്ടെത്തുന്നതിനായി മന്ത്രവാദം നടത്തിയത്.
പൂജകള്‍ക്ക് ശേഷം രാജേഷും കൂട്ടാളികളും തോട്ടത്തില്‍ കുഴികള്‍ എടുക്കുകയും ചെയ്‌തു. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ രാജേഷിനെയും കൂട്ടാളികളെയും തടയാനായി എത്തിയപ്പോഴേക്ക് ഇവര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പ്രതികളെ പിടികൂടുകയായിരുന്നു.
ഇത്തരം ആഭിചാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ അറിയിച്ചു. അന്ധവിശ്വാസത്തിന്‍റെ പേരില്‍ കേരളത്തില്‍ നടന്ന ഇരട്ട നരബലിയുടെ ഞെട്ടല്‍ മാറും മുമ്പാണ് ദക്ഷിണേന്ത്യയില്‍ നിന്ന് വീണ്ടും മന്ത്രവാദത്തിന്‍റെ വാര്‍ത്ത വന്നത്.