മുംബൈ : പ്രഭാതഭക്ഷണത്തിൽ ഇഡ്ഡലിയുടെ സ്ഥാനം ഒഴിച്ചുകൂടാനാവാത്തതാണ്. രുചിയൂറുന്ന ദക്ഷിണേന്ത്യൻ ഇഡ്ഡലി ജനങ്ങളുടെ പ്രിയപ്പെട്ട വിഭവമാണ്. ഇക്കാരണം ഒന്നുകൊണ്ടുതന്നെ രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇഡ്ഡലി കടകൾ സുലഭമായി കാണാം. ദഹനം എളുപ്പമാണ് എന്നതും ഇഡ്ഡലിയോടുള്ള പ്രിയം കൂട്ടുന്നു.
നാഗ്‌പൂരില്‍ കുമാര്‍ റെഡ്ഡിയെന്നയാള്‍ പല നിറങ്ങളിൽ ഇഡ്ഡലിയുണ്ടാക്കിയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. നാഗ്‌പൂരിലെ രാമഗിരി റൂട്ടിലെ സിവിൽ ലൈൻ പ്രദേശത്ത് 13 തരം ഇഡ്ഡലികളാണ് കുമാര്‍ വില്‍ക്കുന്നത്. പല നിറങ്ങളിൽ കുമാർ റെഡ്ഡി ഇഡ്ഡലി ഉണ്ടാക്കുമെങ്കിലും ചാർക്കോൾ ഇഡ്ഡലിയെന്നും അറിയപ്പെടുന്ന കറുത്ത ഇഡ്ഡലിയാണ് കൂട്ടത്തിലെ താരം.
നാഗ്‌പൂർ നിവാസികൾക്ക് പ്രിയപ്പെട്ട കറുത്ത ഇഡ്ഡലി സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ആളുകൾ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സിവിൽ ലൈൻ പ്രദേശത്ത് പ്രഭാത സവാരിക്കെത്തുന്നവരുടെ തിരക്ക് കണ്ടാണ് ഇവിടെ ഇഡ്ഡലി കട തുടങ്ങാൻ കുമാറും കുടുംബവും തീരുമാനിച്ചത്.
Also Read: പാർലമെന്‍റ് സ്‌തംഭനം: കേന്ദ്രം വിളിച്ച യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍
ഇഡ്ഡലി കഴിക്കാൻ നിരവധി ആളുകൾ എത്തിത്തുടങ്ങിയതോടെ അതില്‍ പരീക്ഷണങ്ങൾ നടത്താൻ റെഡ്ഡി തീരുമാനിക്കുകയായിരുന്നു. ഇഡ്ഡലിയുടെ പരമ്പരാഗത രുചി നിലനിർത്തിക്കൊണ്ടുതന്നെ പുതിയൊരു സ്വത്വം നൽകുകയായിരുന്നു റെഡ്ഡി.
ഫുഡ് കളറിങ് ഉപയോഗിച്ചുള്ള ഇഡ്ഡലികളും മുട്ട ഇഡ്ഡലികളും ട്രെൻഡിങ് ആകാൻ തുടങ്ങിയതോടെ കുമാറിന്‍റെ സുഹൃത്തുക്കളാണ് കറുത്ത ഇഡ്ഡലി പരീക്ഷിക്കാൻ അദ്ദേഹത്തോട് നിർദേശിച്ചത്. പിന്നീട് ഇന്‍റർനെറ്റിൽ നിന്നും ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് കരിയും ഓറഞ്ച് തൊലിയും ചിരട്ടയും നന്നായി വറുത്ത് അരച്ച് പൊടിയാക്കിയാണ് കറുത്ത നിറത്തിനായി ഉപയോഗിക്കുന്നത്. ഈ കൂട്ട് മാവില്‍ ചേര്‍ത്താണ് ഇഡ്ഡലിയുണ്ടാക്കുന്നത്.
കറുത്ത ഇഡ്ഡലിയെ ആദ്യം എതിർത്തവർ പോലും ഇപ്പോൾ ഇതിന്‍റെ ഫാൻസ് ആണ്. ഇഡ്ഡലിയിൽ പുതു പരീക്ഷണങ്ങൾ നടത്തുന്നതിന്‍റെ തിരക്കിലാണ് ഇപ്പോൾ കുമാർ റെഡ്ഡി.