കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ ബിജെപി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും മുന്‍ ത്രിപുര ഗവര്‍ണറുമായ തഥാഗത റോയ്. പശ്ചിമബംഗാളില്‍ ബിജെപിയുടെ നേതൃത്വം കൈയാളുന്നത് ധാര്‍മികച്യുതി സംഭവിച്ച ഒറ്റുകാരാണെന്ന് തഥാഗത റോയ് ആരോപിച്ചു. കൊല്‍ക്കത്ത കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് രൂക്ഷ പ്രതികരണം.
കൊല്‍ക്കത്ത കോര്‍പ്പറേഷനിലെ 144 വാര്‍ഡുകളില്‍ 134 വാര്‍ഡുകള്‍ സ്വന്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. മൂന്ന് വാര്‍ഡുകളില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. ഇടത് സംഖ്യത്തിനും കോണ്‍ഗ്രസിനും രണ്ട് സീറ്റുകള്‍ വീതവും സ്വതന്ത്രര്‍ക്ക് മൂന്ന് സീറ്റുകളും ലഭിച്ചു.
"ബംഗാളിലെ ഹിന്ദുക്കള്‍ നാശത്തിലേക്ക് പോകുകയാണ്. അവരുടെ മണ്ണായ പശ്ചിമ ബംഗാള്‍ കഴിഞ്ഞ 44 വര്‍ഷമായി ഭരിക്കുന്നത് ഏറ്റവും യോഗ്യതകുറഞ്ഞ ആളുകളാണ്"- തഥാഗത റോയ് ട്വീറ്റ് ചെയ്തു.
"ബിജെപിക്ക് പശ്ചിമബംഗാളിനെ പുനരുദ്ധരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അതിന്‍റെ നേതൃത്വം അധാര്‍മികരും ഒറ്റുകാരുമായ ഒരു സംഘത്തിന്‍റെ കൈകളിലായിപ്പോയി. അതിന്‍റെ ഫലമാണ് നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം. ആ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാത്തതിന്‍റെ പരിണിത ഫലമാണ് കൊല്‍ക്കത്ത കൊര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം" - തഥാഗത റോയ് ട്വീറ്റ് ചെയ്‌തു.
ALSO READ: മതപരിവര്‍ത്തന നിരോധന ബില്‍ കര്‍ണാടക നിയമസഭയില്‍ ; കീറിയെറിഞ്ഞ് കോണ്‍ഗ്രസ്
കൊല്‍ക്കത്ത കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ടിംങ് ശതമാനത്തിന്‍റെ കാര്യത്തില്‍ ഇടതുപക്ഷം ബിജെപിയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തുവന്നിരുന്നു. പാര്‍ട്ടിക്കുള്ളില്‍ പല തവണ താന്‍ നേതൃത്വത്തിന്‍റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയെന്നും എന്നാല്‍ ഇവ പരിഹരിക്കാനുള്ള ശ്രമമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
"ബിജെപി സംസ്ഥാന നേൃത്വത്തിനെതിരായ എന്‍റെ പരസ്യ വിമര്‍ശനത്തില്‍ പലര്‍ക്കും വിഷമമുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ പരസ്യമായി ഉന്നയിക്കേണ്ടി വന്നതില്‍ എനിക്കും ദുഖമുണ്ട്. എന്നാല്‍ മറ്റ് വഴികള്‍ ഇല്ല. ഈ വിമര്‍ശനങ്ങള്‍ പാര്‍ട്ടി ഫോറങ്ങളില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അതിന് യാതൊരു ഫലവുമുണ്ടായില്ല. ഞാന്‍ എന്ന വ്യക്തിക്ക് യാതൊരു പ്രാധാന്യവുമില്ല. പ്രാധാന്യമുള്ള കാര്യം ബംഗാളിലെ ഹിന്ദുക്കളുടെ പരാജയം ആസന്നമായിരിക്കുന്നു എന്നുള്ളതാണ്"- അദ്ദേഹത്തിന്‍റെ മറ്റൊരു ട്വീറ്റ് ഇങ്ങനെ. 2021ലെ പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാള്‍ നേതൃത്വത്തെ നിരന്തരം വിമര്‍ശിച്ച് വരികയാണ് തഥാഗത റോയ്.