ഗാന്ധിനഗര്‍: 2022ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രചാരണത്തിന് മുഖ്യ ആകര്‍ഷണമായി റോബോട്ടും. റോബോട്ട് നിര്‍മാതാവും മൾട്ടി സോൺ ഐടി സെൽ മേധാവിയുമായ ഹര്‍ഷിറ്റ് പട്ടേലിന്‍റേതായിരുന്നു ഈ ആശയം. ഇക്കുറി ഗുജറാത്തില്‍ അധികാരം നിലനിര്‍ത്താനായി പൊരുതുന്ന ബിജെപിയ്‌ക്ക് റോബോട്ടിന്‍റെ സഹായം ഗുണം ചെയ്യുമെന്നാണ് ഹര്‍ഷിറ്റ് പട്ടേല്‍ പറയുന്നത്.
'റോബോട്ടുകള്‍ പൊതുജനങ്ങള്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്യും. വീടുതോറുമുള്ള പ്രചാരണങ്ങള്‍ക്കും ഇവ ഉപയോഗിക്കും. മാത്രമല്ല, സ്ഥാനാര്‍ഥികളുടെ പ്രചാരണ വേളയില്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിനായി നേരത്തെ തന്നെ റെക്കോര്‍ഡ് ചെയ്‌ത സ്‌പീക്കറുകളും ഇവയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും' പടേല്‍ എഎന്‍ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'റോബോട്ട്, പാര്‍ട്ടിയ്‌ക്ക് വേണ്ടി പ്രചാരണം നടത്തും. സംസ്ഥാനത്ത് ബിജെപി ചെയ്‌ത പ്രവര്‍ത്തനങ്ങളെ പ്രദര്‍ശിപ്പിക്കുവാനും സാധിക്കും. ആളുകള്‍ക്ക് ഈ പുതിയ പ്രചാരണ രീതി ഇഷ്‌ടപെടുക മാത്രമല്ല, പൊതുയോഗങ്ങളില്‍ ജനങ്ങള്‍ അവരുടെ സാന്നിധ്യമറിയിക്കുകയും ചെയ്യുമെന്ന്' മൾട്ടി സോൺ ഐടി സെൽ മേധാവിയുടെ ആശയത്തെ ശരിവച്ചുകൊണ്ട് ബിജെപി എംഎൽഎ പങ്കജ് ദേശായി അഭിപ്രായപ്പെട്ടു.
രണ്ട് പതിറ്റാണ്ടിലേറെയായി ഗുജറാത്തിൽ അധികാരത്തിൽ തുടരുന്ന ബി.ജെ.പി സീറ്റ് നിലനിർത്താനുള്ള പരിശ്രമത്തിലാണ്. തെരഞ്ഞെടുപ്പ് അടുക്കുന്നതിന് മുന്നോടിയായി ബിജെപി പ്രചാരണങ്ങളും പ്രസംഗങ്ങളും കൊഴുക്കുപ്പിക്കുമ്പോള്‍ മറുവശത്ത് ബിജെപി ഭരണകുടത്തിനെതിരെ ശക്തമായ പോരാട്ടവുമായി കോണ്‍ഗ്രസും മുന്‍പന്തിയില്‍ നില്‍ക്കുന്നു. പോരാട്ടത്തിന് വീര്യം കൂട്ടാന്‍ കെജ്‌രിവാളിന്‍റെ ആംആദ്‌മി പാര്‍ട്ടിയും സജീവമാകുകയാണ്.
രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക. 182 അംഗങ്ങളെ തെരഞ്ഞെടുക്കുവാനുള്ള 15ാമത് ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനായി വോട്ട് രേഖപ്പെടുക ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ്. വോട്ടുകള്‍ എണ്ണുന്നതും ഫലം പ്രഖ്യാപിക്കുന്നതും ഡിസംബര്‍ എട്ടിനായിരിക്കും.