ഹൈദരാബാദ്: പ്രവാചക നിന്ദയുടെ പേരില്‍ തെലങ്കാന പൊലീസ് അറസ്റ്റുചെയ്‌ത എം.എൽ.എ ടി രാജ സിങിനെ സസ്‌പെന്‍ഡ് ചെയ്‌ത് ബി.ജെ.പി. പാര്‍ട്ടി കേന്ദ്ര അച്ചടക്ക സമിതിയുടേതാണ് നടപടി. വിദ്വേഷ പരാമർശത്തിനെതിരായി ഇന്ന് (ഓഗസ്റ്റ് 23) രാവിലെ കേസെടുത്ത എം.എല്‍.എയെ കസ്റ്റഡിയിലായതിന് പിന്നാലെയാണ് ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്‌തത്.
എം.എല്‍.എക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈദരാബാദില്‍ തിങ്കളാഴ്‌ച(22.08.2022) രാത്രി പ്രതിഷേധ പ്രകടനം നടന്നിരുന്നു. പിന്നാലെ, മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 153 എ, 295, 505 വകുപ്പുകൾ പ്രകാരം ദബീർപുര പൊലീസാണ് കേസെടുത്തത്. നേരത്തേ പ്രവാചക നിന്ദയുടെ പേരില്‍ ബി.ജെ.പി നടപടിയെടുത്ത നൂപുര്‍ ശര്‍മയെ പിന്തുണച്ച് പ്രവാചകനെതിരായ പരാമര്‍ശങ്ങള്‍ നടത്തുന്ന എം.എല്‍.എയുടെ വീഡിയോയ്‌ക്കെതിരെയാണ് കേസ്.
'ബി.ജെ.പിയുടെ ഭരണഘടന ലംഘിച്ചു': അതേസമയം, പാർട്ടിയുടെ നിലപാടിന് വിരുദ്ധമായാണ് രാജ സിങിന്‍റെ പരാമർശമെന്ന് കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് നൽകിയ കത്തിൽ വ്യക്തമാക്കി. "നിങ്ങൾ പാർട്ടിയുടെ നിലപാടിന് വിരുദ്ധമായ അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. ഇത് ഭാരതീയ ജനത പാർട്ടിയുടെ ഭരണഘടന 25.10 (എ) ചട്ടത്തിന്‍റെ വ്യക്തമായ ലംഘനമാണ്". അച്ചടക്ക സമിതി തലവൻ ഓം പഥക് അയച്ച കത്തില്‍ ഇക്കാര്യം വിശദമാക്കി.
"വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം വേണ്ടതിനാല്‍, താങ്കളെ പാർട്ടിയിൽ നിന്നും, വഹിക്കുന്ന ചുമതലകളില്‍ നിന്നും പുറത്താക്കിയിരിക്കുന്നു. ഈ നടപടി ഉടന്‍ പ്രാബല്യത്തിൽ വരും. ഇക്കാര്യം നിങ്ങളെ അറിയിക്കാൻ എനിക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. ഈ നോട്ടിസ് ലഭിച്ച തിയതി മുതൽ 10 ദിവസത്തിനുള്ളിൽ വിഷയത്തില്‍ വിശദീകരണം നല്‍കണം. നിങ്ങളുടെ വിശദമായ മറുപടി 2022 സെപ്റ്റംബർ രണ്ടിന് മുന്‍പ് ലഭിക്കണം'', ഓം പഥക് കുറിച്ചു.
പരാമര്‍ശം 10 മിനിറ്റ് വീഡിയോയില്‍: 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് രാജ, പ്രവാചകനെതിരെ പരാമര്‍ശം നടത്തുന്നത്. പ്രവാചക നിന്ദ നടത്തിയതിന് ബി.ജെ.പി ദേശീയ വക്താക്കളായ നൂപുർ ശർമയ്‌ക്കു പുറമെ, സമാന പരാമര്‍ശത്തിന് നവീൻ ജിൻഡാലിനെയും പാര്‍ട്ടി നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഓഗസ്റ്റ് 20 ന് ഹൈദരാബാദിൽ, സ്റ്റാൻഡ്‌അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിയുടെ പരിപാടി രാജ സിങിന്‍റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.
സ്റ്റാൻഡ്-അപ്പ് കൊമേഡിയന് ഹൈദരാബാദ് പൊലീസ് സംരക്ഷണം നൽകിയെന്നും അയാളുടെ ഷോ വിജയകരമാക്കാൻ സഹായം നല്‍കിയെന്നും ആരോപിക്കുന്ന വീഡിയോയും രാജ സിങ് പുറത്തുവിട്ടിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ചില പരാമർശങ്ങൾ ഫാറൂഖി നടത്തിയെന്നും തനിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചെന്നും ബി.ജെ.പി എം.എൽ.എ ആരോപിക്കുകയുണ്ടായി.
ഹൈദരാബാദില്‍ വന്‍ സുരക്ഷ: അതിനിടെ, ഹൈദരാബാദ് പൊലീസ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 22 തിങ്കളാഴ്‌ച രാത്രി, ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർ സി.വി ആനന്ദിന്‍റെ ഓഫിസിന് മുന്‍പിലും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലുമാണ് പ്രതിഷേധം നടന്നത്. ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) പാര്‍ട്ടിയും പ്രകടനം സംഘടിപ്പിച്ചു.
എ.ഐ.എം.ഐ.എം നിയമസഭാംഗങ്ങളും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ ജനപ്രതിനിധികളും പ്രകടനത്തിന് നേതൃത്വം നല്‍കി. ഹൈദരാബാദില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കൂടി കണക്കിലെടുത്ത് സിറ്റി പൊലീസ് കമ്മിഷണർ സി.വി ആനന്ദിന്‍റെ ഓഫിസിന് മുന്‍പിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.