സാൻ ഫ്രാൻസിസ്‌കോ : കാലിഫോർണിയ സർവകലാശാലയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്തി ബിജെപി അനുഭാവികൾ. സാന്‍റക്രൂസിലെ സർവകലാശാലയിൽ ഇന്ത്യൻ പ്രവാസികളുമായുള്ള ആശയവിനിമയത്തിനിടെയാണ് ബിജെപി അനുഭാവികൾ മുദ്രാവാക്യം വിളിച്ചത്. പരിപാടിക്കിടെ തടസം തുടർന്ന ബിജെപി അനുകൂലികളെ സംഘാടകർ വേദിയിൽ നിന്ന് പുറത്താക്കുകയും ചെയ്‌തു.
വേദിയിൽ നിന്ന് പരിഹാസരൂപേണ 'ജോഡോ, ജോഡോ' മുദ്രാവാക്യങ്ങൾ ഉയർന്നതോടെ 'ഭാരത് ജോഡോ' എന്ന് ഏറ്റുവിളിച്ചാണ് രാഹുൽ ഗാന്ധി പ്രതിഷേധക്കാർക്ക് മറുപടി നൽകിയത്. കന്യാകുമാരി മുതല്‍ കശ്‌മീര്‍ വരെ സംഘടിപ്പിച്ച ഭാരത് ജോഡോ യാത്രയിൽ 145 ദിവസം കൊണ്ട് 4,000 കിലോമീറ്ററാണ് കാൽനടയായി രാഹുല്‍ പൂർത്തിയാക്കിയത്. കോൺഗ്രസ് പാർട്ടി യോജിപ്പിന്‍റേതാണെന്നും എതിരാളികളെ സ്വാഗതം ചെയ്യുമെന്നും അവരോട് സ്നേഹവും വാത്സല്യവും കാണിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
'കോൺഗ്രസ് പാർട്ടിയെക്കുറിച്ചുള്ള രസകരമായ ഒരു കാര്യം നോക്കൂ, ഞങ്ങൾക്ക് എല്ലാവരോടും സ്നേഹമാണ്. പാർട്ടിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ആർക്കെങ്കിലും ഞങ്ങളെക്കുറിച്ച് മോശമായി സംസാരിക്കണം എന്നുണ്ടെങ്കിൽ അവർക്കെതിരെ ദേഷ്യപ്പെടുകയോ അക്രമാസക്തരാവുകയോ ചെയ്യില്ല. മറിച്ച് അവരുടെ സംസാരം നല്ല രീതിയിൽ ശ്രവിക്കും. യഥാർഥത്തിൽ നമ്മൾ അവരോട് വാത്സല്യമുള്ളവരായിരിക്കുകയും അവരെ സ്‌നേഹിക്കുകയും ചെയ്യും. കാരണം അതാണ് നമ്മുടെ സ്വഭാവം' - രാഹുൽ തന്‍റെ പ്രസംഗം തുടർന്നു.
പത്ത് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് രാഹുൽ അമേരിക്കയിൽ എത്തിയത്. സാൻ ഫ്രാൻസിസ്‌കോ കൂടാതെ മൂന്ന് യുഎസ് നഗരങ്ങളിൽക്കൂടി രാഹുൽ പര്യടനം നടത്തുന്നുണ്ട്. ഈ യാത്രയിൽ അദ്ദേഹം ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും അമേരിക്കൻ നിയമ നിർമാതാക്കളെ കാണുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (I.O.C) ചെയർപേഴ്‌സൺ സാം പിട്രോഡയും ഐഒസിയിലെ മറ്റ് അംഗങ്ങളും ചേർന്നാണ് രാഹുലിനെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.
എംപി സ്ഥാനം നഷ്‌ടമായ രാഹുൽ തന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് തിരിച്ചേൽപിച്ചിരുന്നു. പിന്നാലെ സാധാരണ പാസ്‌പോർട്ടിന് അപേക്ഷിച്ച രാഹുലിന് കഴിഞ്ഞ ദിവസമാണ് ഡൽഹി കോടതിയുടെ അനുമതി ലഭിച്ചത്. 10 വർഷത്തേക്ക് നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയ രാഹുലിന് മൂന്ന് വർഷത്തേക്ക് കോടതി അനുമതി നൽകിയതോടെയാണ് പാസ്പോർട്ട് ലഭിച്ചത്. നയതന്ത്ര പാസ്‌പോർട്ട് കൈവശമില്ലാത്തതിനാൽ എമിഗ്രേഷൻ പരിശോധനയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രാഹുലിന് വിമാനത്താവളത്തിൽ രണ്ട് മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നതായും ഐഒസി അധികൃതർ അറിയിച്ചു.
ALSO READ : രാഹുൽ ഗാന്ധിക്ക് 3 വർഷത്തെ പാസ്‌പോർട്ട് ; എൻഒസി നൽകി ഡൽഹി കോടതി
വിമാനത്താവളത്തിൽ ക്യൂവിൽ കാത്തുനിന്നപ്പോൾ, അതേ വിമാനത്തിൽ യാത്ര ചെയ്തിരുന്ന നിരവധി യാത്രക്കാർ അദ്ദേഹത്തോടൊപ്പം സെൽഫിയെടുത്തു. എന്തിനാണ് ക്യൂവിൽ നിൽക്കുന്നതെന്ന് സഹയാത്രികർ ചോദിച്ചപ്പോൾ ഇപ്പോള്‍ എംപിയല്ല, താനൊരു സാധാരണക്കാരനാണെന്നും ഇത് ഇഷ്‌ടമാണെന്നും രാഹുൽ മറുപടി നൽകി.