ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചർച്ചകൾ ആരംഭിച്ച് ബിജെപി. ബിജെപി പഞ്ചാബ് അധ്യക്ഷൻ അശ്വനി ശർമ, സംസ്ഥാന ചുമതലയുള്ള ദുഷ്യന്ത് ഗൗതം എന്നിവർ ഇന്ന് വൈകിട്ട് പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തും. പഞ്ചാബിലെ പുതിയ രാഷ്ട്രീയ സഖ്യങ്ങളെയും സമവാക്യങ്ങളെയും കുറിച്ച് ചർച്ച നടക്കുമെന്നാണ് സൂചന.
സഖ്യ കക്ഷി പാർട്ടികൾ, സീറ്റ് വിഭജനം തുടങ്ങിയ പ്രാരംഭ ചർച്ചകളാണ് നിലവിൽ ബിജെപിയിൽ ആരംഭിച്ചത്. 23 വർഷത്തെ ദീർഘകാല സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദളിന്‍റെ പിന്തുണയില്ലാതെയാണ് ഇക്കുറി പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ശിരോമണി അകാലിദൾ ബിഎസ്‌പിയുമായി സഖ്യമുണ്ടാക്കുന്നതോടെ 117 നിയമസഭ മണ്ഡലങ്ങളുള്ള പഞ്ചാബില്‍ ജാതി-രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുമെന്നാണ് ബിജെപി വിലയിരുത്തൽ. ജാതി വോട്ടുകൾ നിലനിർത്തുന്നതിനായി പ്രത്യേക ഫോർമുല തയ്യാറാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന നേതാവ് പറഞ്ഞു.
പഞ്ചാബിലെ 31 ശതമാനം ദലിത് വോട്ടർമാരിലും ബിഎസ്‌പിക്ക് കാര്യമായ സ്വാധീനമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ദോബ മേഖലയിലെ 23 സീറ്റുകളില്‍ ദലിത് വോട്ടുകൾ നിർണായകമാണ്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ബിഎസ്‌പിയും അകാലിദളും വെവ്വേറെയാണ് മത്സരിച്ചത്. ഇരു പാർട്ടികൾക്കും വോട്ടിങ്ങ് ശതമാനത്തിൽ വലിയ കുറവുമുണ്ടായി. 2022ലാണ് നിയമസഭ തെരഞ്ഞെടുപ്പ്.