പനാജി: ഗോവയിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ തുടർഭരണത്തിലേക്ക് തുഴഞ്ഞെത്തി ബിജെപി. പകുതിയിലേറെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആകെയുള്ള 40 മണ്ഡലങ്ങളിൽ 19 സീറ്റുകളുമായി ബിജെപി മുന്നിട്ട് നിൽക്കുകയാണ്. 11 സീറ്റുകളിൽ മാത്രമാണ് കോണ്‍ഗ്രസിന് നിലവിൽ ലീഡുള്ളത്. തൃണമൂൽ കോണ്‍ഗ്രസ് നാല് സീറ്റുകളും, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി) മൂന്ന് സീറ്റുകളുമായും മുന്നിട്ട് നിൽക്കുന്നുണ്ട്.
വോട്ടെണ്ണൽ നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ പ്രവചനാതീതമായ രീതിയിൽ ഫലങ്ങൾ നൽകിക്കൊണ്ടിരുന്ന സംസ്ഥാനമാണ് ഗോവ. ആദ്യ മണിക്കൂറുകളിൽ കോണ്‍ഗ്രസും ബിജെപിയും മാറി മാറി ലീഡ് നേടിക്കൊണ്ടിരുന്നു. ഒരു ഘട്ടത്തിൽ കോണ്‍ഗ്രസ് 21 സീറ്റുകളിലേക്ക് വരെ ലീഡുയർത്തിയെങ്കിലും പൊടുന്നനെ താഴേക്ക് വീഴുകയായിരുന്നു.
നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻ സാധിക്കില്ലെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയായാൽ എംജിപിയെ ചേർത്ത് സർക്കാർ രൂപീകരിക്കാനാകും ബിജെപിയുടെ നീക്കം. ഇത് വിജയം ഉറപ്പിച്ച് സർക്കാർ രൂപീകരിക്കാൻ ഗവർണറെ കാണാൽ തയ്യാറെടുത്ത കോണ്‍ഗ്രസിന് ഇത് വലിയ തിരിച്ചടിയാണ് നൽകുക.
ALSO READ: യു.പിയില്‍ ചരിത്രം രചിച്ച് ബിജെപി; ചിത്രത്തിലില്ലാതെ കോണ്‍ഗ്രസും ബി.എസ്.പിയും
മികച്ച ലീഡ് നേടി മുന്നേറുമ്പോഴും മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇപ്പോഴും പിന്നിലാണെന്നത് ബിജെപിയെ സംബന്ധിച്ച് നിരാശാജനകമായ കാര്യം തന്നെയായിരിക്കും. എന്നാൽ ലീഡ് നില മാറി മറിയുന്നതിനാൽ ഇപ്പോഴും ഗോവയിലെ അന്തിമ ഫലം പ്രവചനാതീതം തന്നെയാണ്.
അതിനിടെ കോൺഗ്രസ് സ്ഥാനാർഥികളെ ദക്ഷിണ ഗോവയിലെ റിസോർട്ടിലേക്ക് മാറ്റി. ഭരണത്തിലേറാനുള്ള നടപടി ഏകോപിപ്പിക്കാൻ ഹൈക്കമാൻഡ് കർണാടകയിലെ ഡി കെ ശിവകുമാറിനെയും ആറംഗ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ഗവർണറെ കാണാൻ കോൺഗ്രസ് അനുമതി തേടിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ കാണാൻ ആണ് അനുമതി ചോദിച്ചിട്ടുള്ളത്.