ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരാഖണ്ഡിലെ എല്ലാ ബൂത്തുകളിലും 10 യോഗങ്ങൾ വീതം വിളിക്കാൻ പദ്ധതിയിട്ട് ബിജെപി. ഈ യോഗങ്ങളിൽ പാർട്ടിയുടെ പുരോഗതി ചർച്ച ചെയ്യുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഓരോ ബൂത്തിലും 10 യോഗങ്ങൾ വിളിക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് തീയതി വരെ എല്ലാ ബൂത്തുകളും ഒരുക്കങ്ങൾ നടത്താനും ആ ബൂത്തിലെ വോട്ടർമാരുമായി കൃത്യമായ ഏകോപനം ഉണ്ടാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
ഉത്തരാഖണ്ഡിൽ പതിനായിരത്തിലധികം ബൂത്തുകളാണുള്ളത്. സംസ്ഥാനത്തെ ബിജെപി സ്ഥാനാർഥികളോട് ബൂത്ത് പ്രസിഡന്‍റുമായും 'പന്ന പ്രമുഖു'മായും ഏകോപിച്ച് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 'പന്ന പ്രമുഖ്' അഥവ വോട്ടേഴ്‌സ് ലിസ്റ്റിലെ ഓരോ പേജിലെയും അംഗങ്ങളെ സ്വാധീനിക്കാൻ നിയോഗിച്ചിട്ടുള്ള വ്യക്തിയാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനേജ്‌മെന്‍റ് മെഷിനറിയിലെ വോട്ടർമാരുമായി ബന്ധപ്പെടാനുള്ള ആദ്യ പോയിന്‍റ്.
സംസ്ഥാനത്തിന്‍റെയും കേന്ദ്രത്തിന്‍റെയും പദ്ധതികളുടെ പ്രയോജനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കാനും സ്ഥാനാർഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി ഇതുവരെ 59 സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചു. 11 പേരുകൾ ഇനിയും പ്രഖ്യാപിക്കാനുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ വെർച്വൽ റാലികൾ നടത്താനും പാർട്ടി ഇതിനകം തന്നെ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കൂടാതെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും ഒരു ഐടി വിദഗ്‌ധനെ വീതം വിന്യസിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.
സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്താൻ ലക്ഷ്യമിടുന്നതിനാൽ, പരമാവധി വോട്ടർമാരിലേക്ക് എത്താനാണ് ബിജെപിയുടെ ശ്രമം. ഉത്തരാഖണ്ഡിലെ 70 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 14ന് നടക്കും. മാർച്ച് 10നായിരിക്കും ഫലപ്രഖ്യാപനം.