റാഞ്ചി (ജാര്‍ഖണ്ഡ്): തനിക്കെതിരായ ആരോപണങ്ങൾ രാഷ്‌ട്രീയ പ്രേരിതമാണെന്ന് വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചെന്നാരോപണത്തില്‍ അറസ്‌റ്റിലായ ബിജെപി നേതാവ് സീമ പത്ര. ആരോപണങ്ങൾ രാഷ്‌ട്രീയ പ്രേരിതമാണെന്നും കള്ളക്കേസിൽ കുടുക്കുകയാണെന്നും സീമ പത്ര ആരോപിച്ചു. ഗോത്ര വിഭാഗത്തില്‍പ്പെട്ട വീട്ടുജോലിക്കാരിയെ ക്രൂരമായി മർദിച്ചതിനാണ് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ മഹേശ്വര്‍ പത്രയുടെ ഭാര്യ സീമ പത്രയെ അർഗോറ സ്‌റ്റേഷനിൽ കേസെടുത്തതിനെ തുടർന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവരെ സെപ്‌റ്റംബർ 12 വരെ 14 ദിവസത്തെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടതായി പ്രാദേശിക കോടതി പബ്‌ളിക് പ്രോസിക്യൂട്ടർ പ്രദീപ് ചൗരസ്യ പറഞ്ഞു. ബിജെപി മഹിള മോര്‍ച്ച നേതാവു കൂടിയായ സീമയെ കേസിന്‍റെ പശ്ചാത്തലത്തില്‍ ബിജെപി സസ്‌പെന്‍ഡും ചെയ്‌തിരുന്നു.
ഐപിസി 323, 325, 346, 347 വകുപ്പുകള്‍, 1989 ലെ എസ്‌സി-എസ്‌ടി ആക്‌ട് വകുപ്പുകള്‍ എന്നിവ പ്രകാരമാണ് സീമക്കെതിരെ പൊലീസ് കേസെടുത്തത്. ഇതേത്തുടര്‍ന്ന് സീമ ഒളിവില്‍ പോയതിന് പിറകെയാണ് അറസ്‌റ്റ്. ശാരീരിക പീഡനത്തിനിരയായ 29 കാരിയായ യുവതിയെ ഓഗസ്‌റ്റ് 22 ന് സംഘം രക്ഷപ്പെടുത്തിയതായി ചൊവ്വാഴ്‌ച (30.08.2022) പൊലീസ് വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ വനിതാ വിഭാഗത്തിന്‍റെ ദേശീയ വർക്കിങ് കമ്മിറ്റിയംഗം കൂടിയായിരുന്ന സീമ വീട്ടുജോലിക്കാരിയെ പീഡിപ്പിക്കുകയും ദിവസങ്ങളോളം ഭക്ഷണവും വെള്ളവും നൽകാതെയിരുന്നതായും ആരോപണമുണ്ട്. വടിയും ഇരുമ്പ് പാത്രവും ഉപയോഗിച്ച് സീമ മർദിച്ചതായും, തറയില്‍ നിന്ന് വിസര്‍ജ്ജ്യം നാവ് ഉപയോഗിച്ച് വൃത്തിയാക്കാന്‍ നിർബന്ധിച്ചതായും പീഡനത്തിനിരയായ യുവതി ആരോപിച്ചു.
"എനിക്ക് തൊണ്ടയിൽ പ്രശ്‌നമുണ്ട്. നിങ്ങൾ കേട്ടതെല്ലാം എനിക്ക് സംഭവിച്ചതാണ്. ജോലി ചെയ്യുമ്പോൾ എന്‍റെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചാല്‍ മാഡം എന്നെ തല്ലുമായിരുന്നു" എന്നും പീഡനത്തിനിരയായ യുവതി പറഞ്ഞു. ക്രൂരമായ പീഡനത്തിനിരയായ ഇവരെ പിന്നീട് രാജേന്ദ്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (റിംസ്) കൊണ്ടുപോയി. നിലവില്‍ അവര്‍ ഇവിടെ ചികിത്സയിലാണ്. അതേസമയം, സീമ പത്ര പീഡിപ്പിച്ചുവെന്നാരോപിച്ച് ഇരയുടെ വീഡിയോ വൈറലായതിനെ തുടർന്നാണ് ഇന്നലെ (30.08.2022) പത്രയെ ബിജെപി സസ്‌പെൻഡ് ചെയ്യുന്നത്.
സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി ചമ്പായി സോറനും രംഗത്തെത്തി. വിഷയം സർക്കാർ അതിവേഗ കോടതികളിലൂടെ കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. "സുനിത ഖാഖയെ പീഡിപ്പിച്ചതിന് ബിജെപി നേതാവ് സീമ പത്രയെ റാഞ്ചി പൊലീസ് ഇന്ന്(31.08.2022) രാവിലെ അറസ്‌റ്റ് ചെയ്‌തു. ഇര ഇപ്പോൾ ചികിത്സയിലാണ്, അതിനുശേഷം അവർക്ക് സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായവും നൽകും. വേഗത്തിലുള്ള വിചാരണയിലൂടെ ഇരയ്‌ക്ക് ഞങ്ങൾ നീതി ലഭ്യമാക്കും" എന്ന് മന്ത്രി ബുധനാഴ്‌ച ട്വിറ്ററിലൂടെ വ്യക്തമാക്കി.
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും, നിലവിലെ പ്രതിപക്ഷ നേതാവുമായ ബാബുലാൽ മറാണ്ടി റിംസിലെത്തി ഇരയെ സന്ദർശിച്ചു. സംഭവം അങ്ങേയറ്റം വേദനാജനകമാണെന്നും കേസിൽ വേഗത്തിലുള്ള അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന് തീരെ ഇടമില്ല. നിങ്ങളുടെ വീട്ടുസഹായത്തിൽ നിങ്ങൾക്ക് തൃപ്‌തിയില്ലെങ്കിൽ, പിന്നെ അവരെ വെറുതെ വിടൂ, പക്ഷേ അവരെ ഇങ്ങനെ തല്ലുന്നതിൽ അർത്ഥമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. സീമയെ സസ്‌പെന്‍ഡ് ചെയ്‌ത ബിജെപി നടപടി നന്നായെന്ന് അറിയിച്ച അദ്ദേഹം ഇരയെ എത്രയും വേഗം റിംസില്‍ എത്തിച്ച മുഖ്യമന്ത്രി ഹേമന്ദ് സോറന്‍റെ നടപടിയെയും ബാബുലാൽ മറാണ്ടി പ്രശംസിച്ചു. സംഭവത്തില്‍ ദേശീയ വനിത കമ്മിഷന്‍ സീമ പത്രക്കെതിരെ നടപടിക്ക് ഉത്തരവിട്ടിരുന്നു.