പാറ്റ്‌ന: ബിഹാർ മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച സ്ഥാപകനുമായ ജിതൻ റാം മാഞ്ചിയുടെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിജെപി നേതാവ്. ഇന്‍റർനാഷണൽ ഹിന്ദു മഹാ സഭ ജനറൽ സെക്രട്ടറിയും ബിഹാർ ബിജെപി എക്‌സിക്യൂട്ടീവ് അംഗവുമായ ഗജേന്ദ്ര ഝായാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.
ബ്രാഹ്മണ സമുദായം 'മഹാദലിത്' ആളുകളുടെ (മുഷഹർ) വീടുകളിൽ വന്നിരുന്നുവെങ്കിലും ഭക്ഷണം കഴിച്ചില്ല. പകരം അവരിൽ നിന്ന് പണം ആവശ്യപ്പെടുകയാണുണ്ടായതെന്നും മാഞ്ചി ഞായറാഴ്‌ച പറഞ്ഞിരുന്നു. ഹിന്ദുമതം ഏറ്റവും മോശപ്പെട്ട മതമാണെന്നും ഇക്കാരണത്താലാണ് ബിആര്‍ അംബേദ്‌കർ ബുദ്ധമതം സ്വീകരിച്ചതെന്നും മാഞ്ചി പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് ബിജെപി നേതാവ് രംഗത്തെത്തിയത്.
ബ്രാഹ്മണർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മാഞ്ചിയുടെ നാവ് മുറിക്കുന്ന ബ്രാഹ്മണന്‍റെ മകനായയാള്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നാണ് ഝാ പറഞ്ഞത്.
“ജിതൻ റാം മാഞ്ചിക്ക് ഭ്രാന്താണെന്നും ബോധം നഷ്ടപ്പെട്ടുവെന്നും ഞങ്ങൾ ആദ്യം വിശ്വസിച്ചിരുന്നു, എന്നാൽ അയാള്‍ ബ്രാഹ്മണർക്കെതിരെ മോശം പ്രസ്താവനകൾ നടത്തുകയാണ്, ഇത് സഹിക്കാൻ കഴിയില്ല. മാഞ്ചിക്ക് മാന്യതയോ ഹിന്ദുമതത്തിൽ വിശ്വാസമോ ഇല്ല. ഹിന്ദുമതത്തെ രക്ഷിക്കാൻ, ഞാൻ മരിക്കാൻ തയ്യാറാണ്." ബിജെപി നേതാവ് പറഞ്ഞു.
also read: ഭാര്യയുടെ കാമുകനും ചേർന്ന് യുവാവിനെ കൊന്ന് കുഴിച്ചിട്ട കേസ്; പ്രതിപട്ടികയില്‍ 16 കാരനും
അതേസമയം ഝായുടെ പ്രതികരണത്തിനെതിരെ അവാം മോർച്ച ദേശീയ വക്താവ് ഡാനിഷ് റിസ്വാൻ രംഗത്തെത്തി.''മാഞ്ചിയുടെ നാവ് മുറിക്കാൻ ആർക്കാണ് ധൈര്യമുള്ളത്? ബിജെപി നേതൃത്വം അവരുടെ നേതാക്കളെ നിയന്ത്രിക്കണം അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാകണം" റിസ്വാൻ പറഞ്ഞു. വിഷയത്തില്‍ മാഞ്ചി ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ടെന്നും റിസ്വാൻ കൂട്ടിച്ചേര്‍ത്തു.