ഗാന്ധിനഗര്‍: 2023 ലോകകപ്പിന്‍റെ ഫൈനല്‍ മത്സരത്തെ കുറിച്ച് രാജ്യമെമ്പാടും ആവേശം. ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളും തങ്ങളുടെ ടീമിലേക്ക് ഉറ്റുനോക്കി കൊണ്ടിരിക്കെയാണ് ബിജെപി നേതാവിന്‍റെ പ്രഖ്യാപനം. ഇത്തവണത്തെ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് ലോകകപ്പില്‍ മുത്തമിടാനായാല്‍ മുഴുവന്‍ കളിക്കാര്‍ക്കും പരീശീലകനും സ്വന്തം ഭൂമി വീതം വച്ചു നല്‍കുമെന്ന ബിജെപി നേതാവിന്‍റെ പ്രഖ്യാപനമാണ് ഏറെ ശ്രദ്ധേയമായത്. രാജ്‌കോട്ട് സ്വദേശിയും രാജ്‌കോട്ടിലെ മുന്‍ സര്‍പഞ്ചുമായ കെയുര്‍ ധോലാരിയാണ് ടീം അംഗങ്ങള്‍ക്ക് വ്യത്യസ്‌തമായ സമ്മാനം ഓഫര്‍ ചെയ്‌തിരിക്കുന്നത്.
ടീമിലോ ഓരോ അംഗങ്ങള്‍ക്കും ഓരോ പ്ലോട്ടുകള്‍ വീതമാണ് നല്‍കുക. രാജ്‌കോട്ടിനടുത്തുള്ള ലോത്ര ഇൻഡസ്ട്രീസ് സോണിലാണ് കളിക്കാര്‍ക്ക് സമ്മാനിക്കാനുള്ള പ്ലോട്ട്. 10 ലക്ഷം രൂപയാണ് ഓരോ പ്ലോട്ടിന്‍റെയും വില. വ്യവസായ മേഖലയായ ഈ പ്രദേശത്ത് നിലവില്‍ 230 പ്ലോട്ടുകളാണുള്ളത്. അതില്‍ 15 പ്ലോട്ടുകള്‍ ടീം അംഗങ്ങള്‍ക്കും ഒരു പ്ലോട്ട് പരിശീലകനുമാണ്. കളിക്കാര്‍ക്ക് നല്‍കാനിരിക്കുന്ന പ്ലോട്ടിന്‍റെ ചിത്രങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കാത്തിരുന്ന കടുത്ത പോരാട്ടം നാളെ: നാളെയാണ് (നവംബര്‍ 19) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കടുത്ത മത്സരം അരങ്ങേറുക (Narendra Modi Stadium In Ahmedabad). 2003ലെ ഫൈനല്‍ മത്സരത്തിന് സമാനമാകും വിധമാണ് ഇത്തവണയും മത്സരം പൊടിപൊടിക്കുക. കലാശ പോരാട്ടത്തിനായി ഇരു ടീമുകളും അഹമ്മദാബാദിലെത്തി.
ആവേശത്തിരയിളകി ആരാധക ഹൃദയം: ലോകകപ്പിനായുള്ള ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെ പോരാട്ടം കാണാന്‍ ആവേശത്തോടെയുള്ള കാത്തിരിപ്പിലാണ് ആരാധകരും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലുണ്ടായ സെമിയില്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടത്തെ ചെറുത്താണ് ഓസീസിന്‍റെ സെമിയിലേക്കുള്ള മുന്നേറ്റം. അതേസമയം ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെതിരെയുള്ള 70 റണ്‍സ് തിളക്കത്തോടെയാണ് ഇന്ത്യയുടെ ഫൈനലിലേക്കുള്ള എന്‍ട്രി.
പോരാട്ടം കാണാന്‍ പ്രധാനമന്ത്രിയും അമിത്‌ഷായും (PM And Amit Shah will be present): 2023ലെ ലോകകപ്പിലെ ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം നേരില്‍ കാണാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷായും സ്റ്റേഡിയത്തിലെത്തും. ഇരുവരും എത്തുന്നത് ഇന്ത്യന്‍ കളിക്കാര്‍ക്ക് ഏറെ പ്രോത്സാഹനമാകുമെന്നാണ് പ്രതീക്ഷ. ബിസിസിഐ പ്രത്യേക പരിപാടിയും നടക്കും. മത്സരത്തിൽ നിരവധി കലാകാരന്മാർ തങ്ങളുടെ കലാരൂപങ്ങൾ പ്രദർശിപ്പിക്കും.
Also read: 'ഞങ്ങളെ ഇവിടെ എത്തിച്ചത് അതാണ്'; ലോകകപ്പിലെ കുതിപ്പിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി രോഹിത് ശര്‍മ