ന്യൂഡല്‍ഹി: കോൺഗ്രസ് വർക്കിങ് കമ്മിറ്റി മീറ്റിങ്ങിൽ കേന്ദ്രം കൊവിഡിനെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ.
കൊവിഡിനെതിരായ പോരാട്ടത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റം നിസാരമട്ടിൽ ആയിരുന്നുവെന്ന് സോണിയക്ക് അയച്ച കത്തിൽ നദ്ദ പറയുന്നു. കൊവിഡിന്‍റെ രണ്ടാം തരംഗത്തെക്കുറിച്ചുള്ള കേന്ദ്രത്തിന്‍റെ ഉപദേശങ്ങൾ അവഗണിക്കുകയും തങ്ങൾക്ക് ഒരു വിവരവും ലഭിച്ചില്ലെന്ന് പറഞ്ഞ് കോൺഗ്രസ് കേരളത്തിൽ വൻതോതിൽ തെരഞ്ഞെടുപ്പ് റാലികൾ സംഘടിപ്പിക്കുകയും ചെയ്തത് കൊവിഡ് കേസുകൾ വൻതോതിൽ വർധിക്കാൻ കാരണമായതായി നദ്ദ പറഞ്ഞു. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് രാഷ്ട്രീയ പരിപാടികൾ സംഘടിപ്പിച്ചതെന്നും പൊതുജനങ്ങളുടെ ഓർമയിൽ നിന്ന് അത്തരം വിവരങ്ങൾ മായ്ക്കാൻ കഴിയുന്ന യുഗമല്ല ഇതെന്നും ബിജെപി മേധാവി കത്തിൽ പറഞ്ഞു.
ഈ വെല്ലുവിളികൾക്കിടയിലും കോൺഗ്രസ് പാർട്ടിയുടെ പെരുമാറ്റത്തിൽ താൻ ദുഃഖിതനാണെന്നും എന്നാൽ പെരുമാറ്റത്തിൽ അതിശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും പരിഭ്രാന്തി സൃഷ്ടിക്കുന്നതും അവസാനിപ്പിക്കണമെന്ന് നദ്ദ കത്തിൽ കോൺഗ്രസിനോട് ആവശ്യപ്പെട്ടു. സോണിയയുടെ സെൻട്രൽ വിസ്ത പ്രോജക്ടിനെ കുറിച്ചുള്ള ആരോപണങ്ങൾക്ക് മറുപടിയായി പ്രോജക്ടിനെ കുറിച്ചുള്ള പദ്ധതി യുപിഎ സർക്കാരിന്‍റെ കാലത്തു പദ്ധതി തുടങ്ങിയതാണെന്ന് നദ്ദ പറഞ്ഞു.