ന്യൂഡല്‍ഹി: ഡിസംബർ മൂന്നിന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മുതല്‍ നിരവധി പേരുകളാണ് രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടത്. അതില്‍ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ മുതല്‍ ദിയ രാജകുമാരി വരെയുണ്ടായിരുന്നു. ഒൻപതാം ദിവസം ബിജെപി കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ എംഎല്‍എമാരെ നേരില്‍ കണ്ട ശേഷം ചേർന്ന നിയമസഭ കക്ഷിയോഗത്തിലാണ് മുഖ്യമന്ത്രിയെ സംബന്ധിച്ച് അന്തിമ തീരുമാനവും അതേതുടർന്ന് പ്രഖ്യാപനവുമുണ്ടായത്.
കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അശ്വിനി വൈഷ്ണവ്, മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, ദിയാ കുമാരി, രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, ബാബ ബാലക്നാഥ് എന്നിവരടക്കം 12 പേരുകളാണ് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപിയും മാധ്യമങ്ങളും ചർച്ച ചെയ്‌തത്. ഒടുവില്‍ ആദ്യമായി നിയമസഭയിലെത്തിയ ഭജൻ ലാലിലേക്ക് എത്തിച്ചേർന്നു. ആർഎസ്‌എസിലൂടെ രാഷ്ട്രീയത്തിലെത്തിയ രാജസ്ഥാനില്‍ ബിജെപിയുടെ സവർണ മുഖമായ ഭജൻ ലാല്‍ മുഖ്യമന്ത്രിയാകുമ്പോൾ അത് രാജസ്ഥാനിലെ സാമുദായക സമവാക്യങ്ങളെ വിളക്കിച്ചേർത്തുകൊണ്ടാണെന്നതാണ് യാഥാർഥ്യം.
മധ്യപ്രദേശില്‍ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മുതിർന്ന നേതാക്കളായ നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് പട്ടേൽ, കൈലാഷ് വിജയവർഗിയ എന്നിവരില്‍ ഒരാളെയാണ് മുഖ്യമന്ത്രിയായി ബിജെപി ദേശീയ നേതൃത്വം പരിഗണിച്ചിരുന്നത്. ഇതോടൊപ്പം കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പേരും ചർച്ചകളില്‍ നിറഞ്ഞിരുന്നു. പക്ഷേ തീരുമാനം വന്നപ്പോൾ മുഖ്യമന്ത്രിയുടെ പേര് ഡോ മോഹൻ യാദവ്. ഛത്തീസ്‌ഗഡില്‍ പ്രധാന നേതാക്കളായ രമൺ സിങ്, രേണുക സിങ്, അരുൺ സാവോ, ഒ പി ചൗധരി, രാംവിചാർ നേതം, സരോജ് പാണ്ഡെ എന്നിവർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. അന്തിമ തീരുമാനത്തില്‍ വിഷ്‌ണുദേവ് സായി മുഖ്യമന്ത്രിയായി.
ബിജെപിക്ക് മാത്രം കഴിയുന്ന എഞ്ചിനീയറിംഗ്: ഹിന്ദി ഹൃദയഭൂമിയിലെ പ്രധാനപ്പെട്ട മൂന്ന് സംസ്ഥാനങ്ങൾ, ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്‌ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയും സർക്കാരും എവിടെയെന്ന് പ്രതിപക്ഷത്തിന്‍റെ ചോദ്യം. പക്ഷേ ഇതൊന്നും ബിജെപി കേന്ദ്രനേതൃത്വത്തെ അസ്വസ്ഥരാക്കിയില്ല. അവർ എംഎല്‍എമാരുടെ മനസറിയാൻ നിരീക്ഷകരെ അയച്ചു. നിരീക്ഷകർ എംഎല്‍എമാരെയും അതത് സംസ്ഥാനങ്ങളിലെ പ്രധാനനേതാക്കളെയും നേരില്‍ കണ്ടു. സ്ഥിരം മുഖങ്ങൾ തന്നെ മുഖ്യമന്ത്രിമാരാകും എന്ന് മാധ്യമങ്ങളെ അറിയിച്ചു. ചില പേരുകൾ ചർച്ചയിലുണ്ടെന്ന് മാധ്യമങ്ങൾ വാർത്ത നല്‍കി. ഒടുവില്‍ മുഖ്യമന്ത്രിമാരെത്തി. ചർച്ചയിലുണ്ടായിരുന്ന പേരുകാർക്കൊന്നും പരാതിയില്ല. ചിലർ ഉപമുഖ്യമന്ത്രിമാരായി. ചിലർ സ്‌പീക്കർമാരും. എല്ലാവരും കേന്ദ്രനേതൃത്വത്തിന്‍റെ തീരുമാനത്തിന് കയ്യടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങളും അറിയിച്ചു.
ഛത്തീസ്‌ഗഡിലെ മുഖ്യമന്ത്രി വിഷ്‌ണുദേവ് സായിയുടെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷാ പറഞ്ഞത്... നിങ്ങൾ ഇദ്ദേഹത്തെ എംഎല്‍എയാക്കൂ അതിനും മുകളിലേക്ക് ഞാൻ കൊണ്ടുപോകാം എന്നാണ്. രാജസ്ഥാൻ മുഖ്യമന്ത്രിയാകുന്ന ഭജൻ ലാല്‍ ശർമ ആദ്യമായാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതും ബിജെപിയുടെ സിറ്റിങ് എംഎല്‍എയെ മാറ്റിയാണ് ഉറച്ച മണ്ഡലത്തില്‍ ഭജൻലാല്‍ ശർമ മത്സരിക്കുന്നതും ജയിക്കുന്നതും. മുൻകൂട്ടി തയ്യാറാക്കിയ പ്ലാൻ അല്ലെങ്കില്‍ ഒരു രാഷ്ട്രീയ തീരുമാനം ഇതെല്ലാം ബിജെപിയുടെ സ്ഥാനാർഥി നിർണയം മുതല്‍ മുഖ്യമന്ത്രി സ്ഥാനാർഥി തീരുമാനം വരെയുണ്ടായിരുന്നു എന്ന് വ്യക്തം.
താരതമ്യേന താരത്തിളക്കം കുറഞ്ഞതും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അധികം പയറ്റിത്തെളിയാത്തവരുമായ നേതാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ കൂടിയാണ് ബിജെപി ലക്ഷ്യമിടുന്നത്. അതില്‍ ആദ്യം 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ്. നിലവിലെ ലോക്‌സഭ സീറ്റുകൾ നിലനിർത്തുക എന്നതിനൊപ്പം പുതുമുഖങ്ങൾക്ക് അവസരം നല്‍കുക എന്നത് കൂടി ഹിന്ദി ഹൃദയകമലത്തില്‍ ബിജെപി ലക്ഷ്യമിടുന്നുണ്ട്.
സാമുദായിക സമവാക്യം: എല്ലാ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പില്‍ കൃത്യമായി പാലിക്കുന്ന ഒന്നാണ് സാമുദായിക സമവാക്യം. എംഎല്‍എമാർ, സഹമന്ത്രിമാർ, മന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, മുഖ്യമന്ത്രി, എംപി, പ്രധാനമന്ത്രി വരെയുള്ള പേരിലും തീരുമാനത്തിലും ശക്തമായ ജാഗ്രത പാലിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കും. ഛത്തീസ്ഗഢിൽ ഗോത്രവർഗത്തില്‍ നിന്ന് മുഖ്യമന്ത്രിയെ തീരുമാനിച്ചപ്പോൾ ആദ്യം രാഷ്ട്രീയ കേന്ദ്രങ്ങൾ അമ്പരന്നു. പിന്നീടാണ് കാര്യങ്ങൾ വ്യക്തമായത്. ഛത്തീസ്‌ഗഡില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചതില്‍ മുഖ്യപങ്ക് വഹിച്ചത് ഗോത്രവർഗങ്ങളാണ്. 2018ല്‍ ബിജെപിയെ കയ്യൊഴിഞ്ഞ ഗോത്രവർഗം ഇത്തവണ ബിജെപിയെ കൈയ് മെയ് മറന്ന് പിന്തുണച്ചു. അതുകൊണ്ടുതന്നെ ഗോത്രവർഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രി ആ സമുദായത്തിനുള്ള അംഗീകാരവും വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള ഏറ്റവും എളുപ്പമാർഗവുമാണ്. മധ്യപ്രദേശിൽ ഒബിസി വിഭാഗത്തില്‍ നിന്നും രാജസ്ഥാനിൽ ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുമുള്ളവരെ മുഖ്യമന്ത്രിമാരാക്കുമ്പോൾ സോഷ്യൽ എഞ്ചിനീയറിംഗ് പാലിക്കാൻ ബിജെപി വളരെയധികം ജാഗ്രത പാലിച്ചിട്ടുണ്ടെന്ന് വ്യക്തമാകും.