കൊൽക്കത്ത: പശ്ചിമബംഗാളില്‍ പൊലീസും സമരക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പ്രവർത്തകന്‍ കൊല്ലപ്പെട്ടുവെന്ന് ബിജെപി. ജല്‍പായിഗുഡി സ്വദേശി ഉലന്‍ റോയിയെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് നിലപാട്.
ബംഗാളിലെ സെക്രട്ടേറിയറ്റ് മാർച്ചിലാണ് ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്. ബിജെപി പ്രവർത്തകർ ബാരിക്കേഡുകൾ തളളി മാറ്റാൻ ശ്രമിക്കുകയും പൊലീസിനു നേരെ കല്ലെറിയുകയും ചെയ്തു. തുടർന്നവരെ പിരിച്ചു വിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. തുടർന്ന് പൊലീസ് ലാത്തി വീശി. ലാത്തിചാർജിൽ നിരവധി പ്രവർത്തകർക്കും, കല്ലേറിൽ നിരവധി പൊലീസുകാർക്കും പരുക്ക് പറ്റി.
വടക്കൻ ബംഗാളിലെ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ സർക്കാർ പാലിക്കുന്നില്ലെന്ന് ആരോപിച്ച് 'ഉത്തരകന്യ അഭിജാന്‍റെ' ഭാഗമായാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.