ന്യൂഡൽഹി: ഇന്ത്യയിൽ 10 സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പുതുതായി ഡൽഹിയിലും മഹാരാഷ്‌ട്രയിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഡൽഹിയിൽ കാക്കകളും താറാവുകളും കൂട്ടത്തോടെ ചത്തു. മഹാരാഷ്‌ട്രയിൽ പർഭാനി പൗൾട്രി ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
മുംബൈയിൽ താനെ, ധാപൊലി, ബീഡ് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തരാഖണ്ഡിലും ഹരിയാനയിലും രോഗ വ്യാപനം നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഹിമാചൽ പ്രദേശിലെ രോഗബാധിത പ്രദേശങ്ങൾ കേന്ദ്രസംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തർപ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
രോഗം സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം ഉണ്ടാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.