മുംബൈ: മഹാരാഷ്‌ട്രയിലെ ഒൻപത് ജില്ലകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌തു. ഒറ്റ ദിവത്തിൽ 382 പക്ഷികൾ രോഗം ബാധിച്ച് ചത്തു. ജനുവരി എട്ട് മുതലുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 3,378 പക്ഷികളാണ് ഇതുവരെ ചത്തത്. പുതുതായി നാല് ജില്ലകളിലാണ് രോഗബാധ കണ്ടെത്തിയത്.
ലാതൂർ, നന്ദേദ്, നാസിക്, അഹമ്മദ്‌നഗർ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ സാമ്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് അയച്ചു. മുംബൈ, ഗോഡ്ബന്ദർ (താനെ ജില്ല), ദാപോളി, തൽ പർഭാനി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇനി 22 സാമ്പിളുകളിൽ പരിശോധനാഫലം ലഭിക്കാനുണ്ട്. സംസ്ഥാനത്ത് പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാർ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.