സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ ബുധനാഴ്ച (08.12.21) ഉച്ചയ്ക്ക് തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം അപകടത്തിൽപ്പെട്ടു. ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. പ്രദേശവാസികളെ ഉൾപ്പെടുത്തിയാണ് ഔദ്യോഗിക രക്ഷാപ്രവർത്തനം നടത്തിയത്.
ഹെലികോപ്റ്ററിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ
ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച എംഐ സീരിസിലെ എംഐ 17V5 (Mi-17V-5) ഹൊലികോപ്റ്ററാണ് അപകടത്തിൽപെട്ടത്. റഷ്യൻ ഹെലികോപ്റ്ററുകളുടെ അനുബന്ധ സ്ഥാപനമായ കസാൻ ഹെലികോപ്റ്ററാണ് ഇവ നിർമിക്കുന്നത്. 2012 മുതൽ ഇന്ത്യൻ വ്യോമസേന (IAF) ഇത് ഉപയോഗിച്ചുവരുന്നു. പൈലറ്റ്, കോ-പൈലറ്റ്, ഫ്ലൈറ്റ് എഞ്ചിനീയർ എന്നിവരുൾപ്പെടെ മൂന്ന് ജീവനക്കാരാണ് ക്രൂ അംഗങ്ങൾ.
READ MORE:Bipin Rawat: ബിപിൻ റാവത്ത് വെന്‍റിലേറ്ററില്‍, പ്രാര്‍ഥനയോടെ രാജ്യം
രണ്ട് എഞ്ചിനുകളുള്ള മീഡിയം-ട്വീറ്റ് ടർബൈൻ ഹെലികോപ്റ്ററാണിത്. 4000 കിലോഗ്രാം ഇന്‍റേണൽ പേലോഡ് ശേഷിയുള്ള ഹെലികോപ്റ്റർ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. ഗതാഗതത്തിനും യുദ്ധത്തിനും ഇവ ഉപയോഗിക്കുന്നു. 24 യാത്രക്കാരെ വരെ വഹിക്കാൻ കഴിവുള്ള ഈ ഹെലികോപ്റ്ററിൽ ചെറിയ വാഹനങ്ങളെയും ഉൾക്കൊള്ളിക്കാനുള്ള ശേഷിയുണ്ട്.
ക്യാബിനിലും കാർഗോ കൊണ്ടുപോകാൻ രൂപകൽപന ചെയ്തിട്ടുള്ള എംഐ 17V5 ഗതാഗതത്തിനുപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും നൂതന ഹെലികോപ്റ്ററുകളിൽ ഒന്നാണ്. സൈനികരുടെയും ആയുധങ്ങളുടെയും ഗതാഗതത്തിന് പുറമേ, ഫയർ സപ്പോർട്ട്, കോൺവോയ് എസ്കോർട്ട്, പട്രോളിങ്, സെർച്ച് ആൻഡ് റെസ്ക്യൂ (SAR) ദൗത്യങ്ങളിലും ഇത് വിന്യസിക്കാം.
READ MORE: സൈനിക ഹെലികോപ്റ്ററില്‍ ബിപിൻ റാവത്തിനൊപ്പം ഉണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ
സാങ്കേതികമായി, MI-17 അതിന്‍റെ മുൻ പതിപ്പായ MI-8i മെച്ചപ്പെടുത്തി വികസിപ്പിച്ചെടുത്തതാണ്. കാർഗിൽ യുദ്ധകാലത്ത് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ ആക്രമിക്കാൻ ഇന്ത്യ എംഐ-17 ഉപയോഗിച്ചിരുന്നു. കനത്ത ഭാരം ഉയർത്താൻ ശേഷിയുള്ള എംഐ 17V5 ഹെലികോപ്റ്റർ ഇന്ത്യയിൽ വിഐപികളുടെ സഞ്ചാരത്തിനായും ഉപയോഗിക്കുന്നു.
നേരത്തേയും എംഐ 17 സീരിസിലെ ഹെലികോപ്റ്റർ തകർന്നുവീണ് അപകടം സംഭവിച്ചിരുന്നു. നവംബർ 19ന് അരുണാചൽ പ്രദേശിലുണ്ടായ അപകടത്തിൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 12 പേരും കൊല്ലപ്പെട്ടു. ഒരു മാസത്തിന് ശേഷം ബുധനാഴ്ച ഉണ്ടായ അപകടം കനത്ത മഞ്ഞ് വീഴ്‌ച കാരണമെന്നാണ് സൂചന.