പ്രകാശം/ ആന്ധ്രാപ്രദേശ് : ഓരോ വര്‍ഷവും ഏകദേശം 8 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രത്തില്‍ എത്തിച്ചേരുന്നതായാണ് കണക്കുകൾ. ഇന്ത്യയിൽ ഏകദേശം 15,000 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യമാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഇവയുടെ 60 ശതമാനം മാത്രമാണ് പുനരുപയോഗത്തിനായി ശേഖരിക്കുന്നത്. ഇത്തരത്തിൽ ലോകത്തെ കാർന്നുതിന്നുന്ന പ്ലാസ്റ്റിക്കിൽ നിന്ന് മോചനം നേടാൻ ചോളത്തിൽ നിന്ന് ബയോഡീഗ്രേഡബിൾ ക്യാരിബാഗുകൾ വികസിപ്പിച്ച് വ്യത്യസ്‌തനാവുകയാണ് ആന്ധ്രാപ്രദേശ് - പ്രകാശം ജില്ലയിലെ കൊണിജെഡു സ്വദേശി മഹേന്ദ്ര സനഗല.
യുഎസിലെ ഒരു പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഡാറ്റ ആർക്കിടെക്റ്റായിരുന്ന മഹേന്ദ്രയെ, സമൂഹത്തിന് ഗുണകരമാകുന്ന രീതിയിലുള്ള എന്തെങ്കിലും സംരംഭം തുടങ്ങണം എന്ന ആഗ്രഹമാണ് ക്യാരി ബാഗ് നിർമാണ കമ്പനി എന്ന ആശയത്തിലേക്കെത്തിച്ചത്. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പരിസ്ഥിതി സൗഹൃദവും ജൈവ നശീകരണ ശേഷിയുള്ളതുമായ ഒരു ബദൽ വികസിപ്പിക്കുക എന്ന ആശയമാണ് ചോളപ്പൊടി ഉപയോഗിച്ചുള്ള ബാഗിന്‍റെ നിർമാണത്തിലേക്കെത്തിച്ചത്.
ജർമനി, ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലേക്ക്, സംരംഭത്തെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി മഹേന്ദ്ര യാത്രകൾ നടത്തി. ഒടുവിൽ 2020ൽ 'ഈറ്റ്ലറി' എന്ന കമ്പനി സ്ഥാപിച്ചു. ബാഗുകൾ നിർമിക്കുന്നതിനായി ജർമനിയിൽ നിന്നാണ് മഹേന്ദ്ര ചോളം ഇറക്കുമതി ചെയ്‌തത്.
മഹേന്ദ്രയുടെ ബാഗുകൾ പ്ലാസ്റ്റിക് കവറുകൾ പോലെയാണെങ്കിലും പരിസ്ഥിതിക്ക് ഒരു ഭീഷണിയുമുണ്ടാക്കുന്നില്ല. ആറ് മാസത്തിനുള്ളിൽ തന്‍റെ ബാഗുകൾ കമ്പോസ്റ്റായി മാറുമെന്നും അവ മൃഗങ്ങൾ ഭക്ഷിച്ചാലും ഒരപകടവും ഉണ്ടാകില്ലെന്നും മഹേന്ദ്ര പറയുന്നു.
ചോളപ്പൊടിയിൽ നിന്ന് ബയോപ്ലാസ്റ്റിക് ബാഗുകൾ : ബയോപ്ലാസ്റ്റിക്കിനായി ഉപയോഗിക്കുന്ന പോളിലാക്റ്റിക് ആസിഡ് സാധാരണ ധാന്യത്തിലെ പഞ്ചസാരയിൽ നിന്നാണ് നിർമിക്കുന്നത്. ചോളത്തെ പ്ലാസ്റ്റിക്കാക്കി മാറ്റാൻ ധാന്യത്തെ സൾഫർ ഡയോക്സൈഡിലും ചൂടുവെള്ളത്തിലും മുക്കുന്നു. അവിടെ അതിന്‍റെ ഘടകങ്ങൾ അന്നജം, പ്രോട്ടീൻ, ഫൈബർ എന്നിവയായി വിഘടിക്കുന്നു.
അതിന് ശേഷം ഇവയെ പൊടിച്ച് ചോളത്തിലെ എണ്ണയെ അന്നജത്തിൽ നിന്ന് വേർതിരിക്കുന്നു. (ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക്കിലെ കാർബൺ ശൃംഖലകൾക്ക് സമാനമായ കാർബൺ തന്മാത്രകളുടെ നീണ്ട ശൃംഖലകൾ ചേർന്നതാണ് അന്നജം). ശേഷം ചില സിട്രിക് ആസിഡുകൾ ചേർത്ത് ഒരു നീണ്ട ചെയിൻ പോളിമർ രൂപപ്പെടുത്തുന്നു. ഇതാണ് പ്ലാസ്റ്റിക്കിന്‍റെ നിർമാണത്തിനായി ഉപയോഗിക്കുന്നത്.
ബയോപ്ലാസ്റ്റിക്കിനായി ഉപയോഗിക്കുന്ന പോളിലാക്റ്റിക് ആസിഡ് പ്ലാസ്റ്റിക്കിൽ ഉപയോഗിക്കുന്ന പോളിയെത്തിലീൻ (പ്ലാസ്റ്റിക് ഫിലിമുകൾ, ബോട്ടിലുകൾ എന്നിവയിൽ ഉപയോഗിക്കുന്നു), പോളിസ്റ്റൈറൈൻ, പോളിപ്രൊഫൈലിൻ (ഓട്ടോ പാർട്‌സ്, ടെക്‌സ്‌റ്റൈൽസ്) എന്നിവയെപ്പോലെ തന്നെ പ്രവർത്തിക്കുന്നു.
ഭാവിയിൽ നിര്‍ണായകമാകും : വലിയ വളർച്ച പ്രതീക്ഷിച്ചിരുന്നുവെങ്കിലും കൊവിഡ് മഹാമാരി തന്‍റെ ബിസിനസിനെ വളരെയധികം ബാധിച്ചുവെന്ന് മഹേന്ദ്ര പറയുന്നു. എന്നാൽ ഭാവിയിൽ പ്ലാസ്റ്റിക് ബാഗുകൾ കൂടാതെ പ്ലേറ്റുകൾ, സ്‌പൂണുകൾ, പാഴ്‌സൽ കവറുകൾ എന്നിവ നിർമിക്കാനും മഹേന്ദ്ര ലക്ഷ്യമിടുന്നു. ലാഭത്തേക്കാളേറെ സമൂഹത്തിൽ നിന്ന് പ്ലാസ്റ്റിക്കിനെ തുരത്താൻ തന്നിലൂടെ കഴിയുന്നു എന്നതാണ് കൂടുതൽ സംതൃപ്‌തി നൽകുന്നതെന്ന് മഹേന്ദ്ര കൂട്ടിച്ചേര്‍ത്തു.