ബെംഗളൂരു: ടാക്‌സിയിലിടിച്ച ശേഷം നിർത്താതെ പോകാൻ ശ്രമിച്ച സ്‌കൂട്ടർ പിടിച്ചു നിർത്താൻ ശ്രമിച്ച ഡ്രൈവറേയും വലിച്ചിഴച്ച് സ്‌കൂട്ടർ ഓടിയത് ഒരു കിലോമീറ്റർ. ബെംഗളൂരു നഗരത്തിലെ മഗഡി റോഡിൽ ടോൾഗേറ്റിന് സമീപമാണ് മനുഷ്യത്വരഹിതമായ സംഭവം നടന്നത്. തെറ്റായ ദിശയിലെത്തിയ സ്‌കൂട്ടർ ടാക്‌സിയിലിടിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്‌ത് പുറത്തിറങ്ങിയ ടാക്‌സി ഡ്രൈവര്‍ സ്‌കൂട്ടര്‍ യാത്രക്കാരനുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തന്‍റെ വാഹനത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തു തരാന്‍ ഡ്രൈവര്‍ ആവശ്യപ്പെടുന്നതിനിടെ സ്‌കൂട്ടർ യാത്രക്കാരൻ സ്‌കൂട്ടറുമായി രക്ഷപെടാൻ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തന്നെ ഇടിച്ചിട്ട് കടന്നുകളയാന്‍ ശ്രമിച്ച സ്‌കൂട്ടര്‍ യാത്രക്കാരനെ തടയുന്നതിനായി ടാക്‌സി ഡ്രൈവർ സ്‌കൂട്ടറിന്‍റെ പിന്‍ഭാഗത്ത് പിടിക്കുകയായിരുന്നു.
എന്നാല്‍ ഇതൊന്നും വകവെക്കാതെ ഡ്രൈവറെ നടുറോഡിലൂടെ വലിച്ചിഴച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ വാഹനമോടിച്ചു. മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് ഇയാളെ തടഞ്ഞുനിർത്തിയത്. വിജയനഗർ പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ കേസെടുത്ത പൊലീസ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.