പട്‌ന: സംസ്ഥാനത്ത് ഗംഗയിൽ മൃതദേഹങ്ങൾ ഒഴുക്കിയ സംഭവത്തെ തുടർന്ന് ജലത്തിൽ കൊവിഡ് മലിനീകരണം ഉണ്ടോയെന്ന് കണ്ടെത്താൻ നദിയിൽ നിന്ന് ശേഖരിച്ച സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചതായി ബിഹാർ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ശാസ്ത്രജ്ഞൻ നവീൻ കുമാർ അറിയിച്ചു.
പരിശോധന ജൽ ശക്തി മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ
ലഖ്‌നൗവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടോക്‌സിയോളജിക്കൽ റിസർച്ച് (ഐഐടിആർ), സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ ഭരണകൂടം എന്നിവയുമായി സഹകരിച്ച് ജൽ ശക്തി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മിഷൻ ഫോർ ഗംഗയാണ് ഇത്തരമൊരു പരിശോധനയ്‌ക്ക് നേതൃത്വം നൽകുന്നത്. ജൂൺ ഒന്നിന് ബക്‌സാറിലും ജൂൺ അഞ്ചിന് പട്‌ന, ഭോജ്‌പൂർ, സരൺ എന്നിവിടങ്ങളിലുമായി നദിയിൽ നിന്ന് സാമ്പിൾ ശേഖരിച്ചതായും പരിശോധനയ്‌ക്കായി ഇവ ലഖ്‌നൗവിലേക്ക് അയച്ചിട്ടുണ്ടെന്നും കുമാർ പറഞ്ഞു.
കൊവിഡ് മൃതദേഹങ്ങൾ ഒഴുക്കിയതിന് പിന്നാലെ പരിശോധന
ഗംഗയിലും പരിസരപ്രദേശങ്ങളിലും മൃതദേഹങ്ങൾ വലിച്ചെറിയുന്നത് തടയാൻ മെയ് 17ന് കേന്ദ്രം ഉത്തർപ്രദേശിനോടും ബിഹാറിനോടും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് മൃതദേഹങ്ങളുടെ സുരക്ഷിതവും മാന്യവുമായ സംസ്‌കാരത്തിന് സംസ്ഥാന സർക്കാരുകൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ജൽ ശക്തി മന്ത്രാലയവും വ്യക്തമാക്കി.
സംഭവത്തിൽ പരാതി ലഭിച്ചതിനെത്തുടർന്ന് മെയ് 13ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻഎച്ച്ആർസി) കേന്ദ്ര ജൽ ശക്തി മന്ത്രാലയം, ഉത്തർപ്രദേശ്, ബിഹാർ എന്നിവയ്‌ക്ക് നോട്ടീസ് നൽകി. ആരോഗ്യ വകുപ്പുകളുമായി കൂടിയാലോചിച്ചാണ് ജലത്തിന്‍റെ ഗുണനിലവാരം നിരീക്ഷിക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ തീരുമാനിച്ചത്.
Also Read: കൊവിഡ് മരണം; കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് ബിഹാർ