ഭഗൽപൂർ (ബിഹാർ) : ആറ് വർഷം മുന്‍പ് കാണാതായ യുവാവിനെ കണ്ടെത്തിയത് പഞ്ചാബിലെ ജയിലിൽ നിന്ന്. ബിഹാറിലെ ഭഗൽപൂർ സ്വദേശി ഇൻഡൽ റായിയെയാണ് അമൃത്‌സറിലെ ജയിലിൽ നിന്ന് കണ്ടെത്തിയത്. തീവ്രവാദിയാണെന്ന സംശയത്തെ തുടർന്നാണ് പൊലീസ് ഇൻഡലിനെ അറസ്‌റ്റ് ചെയ്‌തത്.
ഇൻഡലിനെ ജയിലിൽവച്ച് പരിചയപ്പെട്ട അരവിന്ദ് കുമാർ ചൗധരി എന്നയാൾ അയച്ച കത്തിൽ നിന്നാണ് വിവരം ബന്ധുക്കൾ അറിയുന്നത്. ആറ് വർഷമായി യാതൊരു വിവരവുമില്ലാതിരുന്നതിനാല്‍, ഇൻഡൽ ജീവനോടെയുണ്ടെന്ന് അറിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് കുടുംബാംഗങ്ങൾ. ജയിലിൽ നിന്ന് ഇൻഡലിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.
കർണാടകയിലേക്ക് പുറപ്പെട്ട ഇൻഡൽ അലഞ്ഞുതിരിഞ്ഞ് നടന്നശേഷം പഞ്ചാബിൽ എത്തുകയായിരുന്നു. തീവ്രവാദിയാണെന്ന സംശയത്തെ തുടർന്ന് ഇൻഡലിനെ അമൃത്‌സറില്‍വച്ച് പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നുവെന്നാണ് അരവിന്ദ് അയച്ച കത്തിൽ പറയുന്നത്.
'ഇൻഡലിനെ കുറിച്ച് ഒരുപാട് അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. അവൻ ജീവിച്ചിരിപ്പില്ല എന്നാണ് ഞങ്ങൾ കരുതിയത്. വർഷങ്ങൾക്ക് ശേഷം അവൻ ജീവനോടെയുണ്ടെന്ന് അറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് ഉണ്ടായത്. അവനെ ജയിലിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെന്നും' ഇൻഡലിന്‍റെ അമ്മാവൻ പറഞ്ഞു.