സരൺ: 70ലധികം പേര്‍ മരിച്ച ബിഹാറിലെ മദ്യദുരന്തവുമായി ബന്ധമുള്ള രണ്ടുപേര്‍ പിടിയില്‍. മദ്യമാഫിയ സംഘത്തില്‍പ്പെട്ട അഖിലേഷ് കുമാർ യാദവ് എന്ന അഖിലേഷ് റായ്, അനിൽ സിങ് എന്നിവരാണ് പിടിയിലായത്. സരൺ പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
എട്ടുലക്ഷം രൂപ വിലവരുന്ന മദ്യം കടത്തവെയാണ് ഇവരെ പിടികൂടിയത്. അനധികൃത മദ്യവ്യാപാരം, മദ്യനിർമാണം, കള്ളക്കടത്ത് എന്നിവ നടത്തുന്നവരെ പിടികൂടാനായി സരൺ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് ശനിയാഴ്‌ച (ഡിസംബര്‍ 17) രാത്രി ട്രാക്‌ടറില്‍ കടത്തുകയായിരുന്ന വിദേശമദ്യം സരണ്‍ എക്സൈസ് സംഘമാണ് പിടികൂടിയത്. തുടര്‍ന്ന്, ഇതുമായി ബന്ധമുള്ള രണ്ടുപേരെ പൊലീസിന് കൈമാറുകയായിരുന്നു.
ബിഹാറിലെ സരണ്‍ ജില്ലയിലാണ് മദ്യദുരന്തമുണ്ടായത്. ജില്ലയിലാകെ ഓപ്പറേഷൻ ക്ലീൻ ഡ്രൈവ് എന്ന അന്വേഷണത്തിലൂടെ അഞ്ച് ദിവസത്തിനിടെ 350 പേരെയാണ് പൊലീസ് അറസ്റ്റുചെയ്‌തത്. അതേസമയം, ഇതര സംസ്ഥാനങ്ങളിൽ നിന്ന് കടത്തുന്ന അനധികൃത മദ്യം പിടികൂടാൻ സരൺ എക്സൈസ് വകുപ്പും പ്രചാരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. സരൺ ജില്ലയിലെ മാഞ്ചി, മഷ്‌റക് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ രണ്ട് ചെക്ക് പോസ്റ്റുകളില്‍ പരിശോധന ഊര്‍ജിതമാണ്.