പട്‌ന : ബിഹാറിലെ ഉഷ്‌ണതരംഗത്തിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 40 കടന്നതായി അനൗദ്യോഗിക കണക്ക്. എന്നാൽ, ഭരണകൂടം ഇതുവരെ സ്ഥിരീകരിച്ചത് 10 മരണങ്ങളാണ്. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ 35 ജില്ലകളിലാണ് ഉഷ്‌ണതരംഗം രേഖപ്പെടുത്തിയത്.
പട്‌ന ഉൾപ്പടെ അഞ്ച് ജില്ലകളിൽ കടുത്ത ഉഷ്‌ണതരംഗം രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തമായ ഉഷ്‌ണതരംഗം ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളിൽ ഷെയ്ഖ്‌പുരയിലാണ് ഏറ്റവും ഉയർന്ന താപനിലയായ 45.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
പട്‌നയിൽ 44.7 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില. പട്‌ന, അർവാൾ, ജെഹാനാബാദ്, ഭോജ്‌പൂർ, ബക്‌സർ, ഷെയ്ഖ്‌പുര, റോഹ്താസ്, ഭാബുവ, ഔറംഗബാദ്, നളന്ദ, നവാഡ എന്നിവിടങ്ങളിൽ ഉഷ്‌ണതരംഗം അതിതീവ്രമായി. പട്‌ന, നവാഡ, നളന്ദ, ഭോജ്‌പൂർ, അർവാൾ എന്നിവിടങ്ങളിൽ ചൂടുള്ള രാത്രികളും രേഖപ്പെടുത്തിയിട്ടുണ്ട്. കിഷൻഗഞ്ച്, പൂർണിയ, അരാരിയ എന്നിവിടങ്ങളിൽ മൺസൂൺ സാഹചര്യം നിലനിന്നിരുന്നതിനാൽ ഉഷ്‌ണതരംഗമുണ്ടായില്ല.
ഏറെ നാളുകൾക്ക് ശേഷമാണ് ഇത്രയും ദൈർഘ്യമേറിയ ഉഷ്‌ണതരംഗം ദൃശ്യമായതെന്ന് പട്‌ന നിരീക്ഷണ കേന്ദ്രത്തിലെ കാലാവസ്ഥ വിദഗ്‌ധന്‍ ആശിഷ് കുമാർ പറഞ്ഞു. നേരത്തെ 2012 ജൂൺ മാസത്തിൽ 19 ദിവസം നീണ്ടുനിന്ന ഉഷ്‌ണതരംഗം ഉണ്ടായിരുന്നു. ഇത്തവണ മെയ് 31 മുതലാണ് ഉഷ്‌ണതരംഗം ഉണ്ടായത്.
അടുത്ത 48 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ പരമാവധി താപനിലയിൽ കാര്യമായ കുറവുണ്ടാകാൻ സാധ്യതയില്ലെന്നും മിക്ക ജില്ലകളിലും കൂടിയ താപനില 42 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ തുടരുമെന്നും ആശിഷ് കുമാർ അറിയിച്ചു. ജൂൺ 19ന് ശേഷം സംസ്ഥാനത്തെ പരമാവധി താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും ഉഷ്‌ണതരംഗത്തിന്‍റെ പിടിയിലുള്ള ജില്ലകളുടെ എണ്ണം കുറയുമെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷം മൺസൂൺ സജീവമായി തുടങ്ങുമെന്നും സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൂര്യാഘാതം, വയറിളക്കം, അതിസാരം, നിർജ്ജലീകരണം എന്നിവ ഈ സീസണിൽ വർധിച്ചിട്ടുണ്ടെന്ന് പട്‌നയിലെ ഡോ. ദിവാകർ തേജസ്വി പറഞ്ഞു. മുൻകരുതലിന്‍റെ ഭാഗമായി ഒആർഎസ് ലായനി കുടിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കൂടാതെ, നന്നായി ദഹിക്കുന്ന ഭക്ഷണം കഴിക്കുക, എണ്ണമയമുള്ള എരിവുള്ള ഭക്ഷണം ഒഴിവാക്കുക, അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, വെയിലത്ത് ദീർഘദൂര യാത്രകൾ ഒഴിവാക്കുക, ദീർഘദൂര യാത്ര ചെയ്യണമെങ്കിൽ ഇടയ്ക്കിടെ തണലിൽ വിശ്രമിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യണമെന്നും ദിവാകർ തേജസ്വി പറഞ്ഞു.
ശരീരത്തിൽ ജലാംശം നിലനിർത്താൻ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണം. രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 മണി വരെ സൂര്യപ്രകാശത്തിൽ വീടിന് പുറത്തിറങ്ങരുത്. സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിക്കുന്നത് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കണമെന്നും മുന്നറിയിപ്പുണ്ട്. ചൂടിന്‍റെ പ്രഭാവം അനുഭവപ്പെട്ടാൽ, കഴിയുന്നതും വേഗം ഒരു തണുത്ത സ്ഥലത്ത് അഭയം പ്രാപിക്കുക, കൂടാതെ വെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കുക, വെള്ളം കുടിക്കുക. സീസണൽ പഴങ്ങളും അവയുടെ ജ്യൂസും കഴിക്കണമെന്നും നിർദേശമുണ്ട്.