ആരാ (ബിഹാർ): ബിഹാറിലെ ഭോജ്‌പൂരില്‍ ഭൂമി തര്‍ക്ക കേസില്‍ ഒരു നൂറ്റാണ്ടിന് ശേഷം വിധി. നിരവധി വാദങ്ങള്‍ക്ക് ശേഷമാണ് ആരാ ജില്ല കോടതി 108 വര്‍ഷം പഴക്കമുള്ള കേസില്‍ വിധി പ്രസ്‌താവിച്ചത്. ഹര്‍ജിക്കാരനായ ദര്‍ബാരി സിങിന്‍റെ നാലാം തലമുറയാണ് നിലവില്‍ കേസ് നടത്തുന്നത്.
1914ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നത്. മൂന്ന് ഏക്കര്‍ ഭൂമിയുടെ അവകാശത്തെ ചൊല്ലിയുള്ള കേസില്‍ ഈ വര്‍ഷം മാര്‍ച്ച് 11ന് ഭോജ്‌പൂരിലെ അഡീഷണല്‍ ജില്ല ജഡ്‌ജി ശ്വേത സിങ് വിധി പ്രസ്‌താവിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തിയായി.
കേസില്‍ വിജയിച്ച കക്ഷി അതുല്‍ സിങിന് വിധിന്യായത്തിന്‍റെ 18 പേജുള്ള കോപ്പിയും ലഭിച്ചു. ഇനി ഭൂമി വിട്ടുകിട്ടാനായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനാണ് ഒരുങ്ങുകയാണ് അതുല്‍. അനുകൂല വിധി വന്നെങ്കിലും നിലവില്‍ എതിര്‍ കക്ഷിക്ക് ഹൈക്കോടതിയെ സമീപിക്കാനുള്ള അവസരമുള്ളതിനാല്‍ കേസ് അവസാനിച്ചുവെന്ന് പറയാനാകില്ലെന്ന് അതുല്‍ സിങ് പറയുന്നു.
മൂന്ന് ഏക്കർ തര്‍ക്ക ഭൂമി: ഭോജ്‌പൂര്‍ ജില്ലയിലെ കോയിൽവാറിലെ നാഥുനി ഖാന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഒമ്പത് ഏക്കർ ഭൂമിയാണ് തർക്കത്തിന്‍റെ അടിസ്ഥാനം.1911ല്‍ നാഥുനി ഖാന്‍റെ മരണശേഷം കുടുംബാംഗങ്ങള്‍ക്കിടയില്‍ ഭൂമി സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തു. ഇതിനിടെ ഓഹരി ഉടമകളിലൊരാള്‍ മൂന്ന് ഏക്കര്‍ ഭൂമി ദര്‍ബാരി സിങിന് വില്‍ക്കുകയും ഇതേ സമയം തന്നെ നാഥുനി ഖാന്‍റെ ഭാര്യയുടെ കൈവശത്ത് നിന്ന് മറ്റൊരാള്‍ ഒമ്പതേക്കർ ഭൂമി വാങ്ങുകയും ചെയ്‌തു.
തുടര്‍ന്നാണ് ഭൂമി തര്‍ക്കം ആരാ സിവില്‍ കോടതിയിലെത്തുന്നത്. 1931 ഡിസംബര്‍ 14ന് ഒമ്പത് ഏക്കര്‍ ഭൂമിയും കണ്ടെടുക്കാന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. 1992ല്‍ ദര്‍ബാരി സിങിന് അനുകൂലമായി വിധി വന്നെങ്കിലും എതിര്‍ കക്ഷികള്‍ അപ്പീല്‍ പോയി. ഇതോടെ കേസ് വീണ്ടും നീളുകയായിരുന്നു.
കേസ് നടത്തിയത് നാല് തലമുറ: ദര്‍ബാരി സിങ് 40 വര്‍ഷം കേസ് വാദിച്ചു. ദര്‍ബാരി സിങിന്‍റെ മരണശേഷം മകന്‍ രാജ്‌നാരായണ്‍ സിങ് കേസുമായി മുന്നോട്ട് പോയി. അതിന് ശേഷം ഇയാളുടെ മകന്‍ അലക്‌ദേവ് നാരായണ്‍ സിങും പിന്നീട് നാലാം തലമുറയായ അതുല്‍ സിങും കേസ് ഏറ്റെടുക്കുകയായിരുന്നു. മൂന്ന് തലമുറയില്‍പ്പെട്ട അഭിഭാഷകരാണ് കോടതിയില്‍ കേസ് വാദിച്ചത്.
പട്‌നയില്‍ നിന്ന് 40 കിലോമീറ്റര്‍ മാത്രം അകലെയുള്ള കോയില്‍വാർ ഗ്രാമം ഇന്ന് മുന്‍സിപ്പാലിറ്റിയാണ്. ദേശീയ പാതയ്ക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന കോയില്‍വാറിലെ ഭൂമിക്ക് ഒരേക്കറിന് 5 കോടി രൂപയ്ക്ക് മുകളില്‍ വിലവരും.