പട്‌ന: ബിഹാറിലെ വിഷമദ്യ ദുരന്തത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനത്ത് മദ്യപിച്ചാൽ മരിക്കുമെന്നും അതിനുള്ള ഉദാഹരണമാണ് നിലവിലെ സംഭവമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ മദ്യനിരോധന നയം തകർക്കാൻ ശ്രമമുണ്ടെന്നും നിതീഷ് കുമാർ പ്രതികരിച്ചു.
നിരോധനം ഏർപ്പെടുത്തിയത് തന്‍റെ വ്യക്തിപരമായ ആവശ്യമല്ലെന്നും സംസ്ഥാനത്തെ ഓരോ സ്‌ത്രീകളുടെയും കണ്ണുനീരിനുള്ള മറുപടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പാർലമെന്‍റിൽ ഈ വിഷയം ഉന്നയിച്ച ബിജെപിയുടെ വിമർശനങ്ങളിലും അദ്ദേഹം അതൃപ്‌തി രേഖപ്പെടുത്തി.
'കുടിച്ചാൽ മരിക്കും': 'ഇവിടെ മദ്യനിരോധനം ഇല്ലാതിരുന്ന കാലത്തും വ്യാജമദ്യം കാരണം ആളുകൾ മരിച്ചിട്ടുണ്ട്, ഇതര സംസ്ഥാനങ്ങളിലും ഇതേ സ്ഥിതി തന്നെയായിരുന്നു. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം.
മദ്യനിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യാജമായ പലതും വിൽക്കാനും അതുപയോഗിക്കുന്നത് വഴി ജീവൻ അപകടത്തിലാകാനും സാധ്യതയുണ്ട്. മദ്യം വിഷമാണ്, അത് കുടിക്കരുത്', നിതീഷ് കുമാർ ഓർമിപ്പിച്ചു.
ബിഹാർ മദ്യദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ, ബുധനാഴ്‌ച നടന്ന സംസ്ഥാന നിയമസഭ സമ്മേളനത്തിനിടെ പ്രതിപക്ഷമായ ബിജെപിയിൽ നിന്നും വൻ വിമർശനം നിതീഷ് കുമാറിന് നേരിടേണ്ടി വന്നിരുന്നു. തുടർച്ചയായി പ്രതിപക്ഷ ആക്രമണം നേരിട്ടതോടെ രോശാകുലനായ മുഖ്യമന്ത്രി 'നിങ്ങളെല്ലാവരും മദ്യപിച്ചിരിക്കുകയാണ്' എന്ന് സഭയിൽ അലറുകയും ചെയ്‌തു.
പരിഹസിച്ച് പ്രശാന്ത് കിഷോർ: സംസ്ഥാനത്തെ മദ്യനിരോധന നയം പ്രഹസനം മാത്രമാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ വിശേഷിപ്പിച്ചു. ദുരന്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ നിരോധന നിയമം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാത്തരം ലഹരി വസ്‌തുക്കൾ ഉപയോഗിക്കുന്നതിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുന്നതിന് സുസ്ഥിരമായ സാമൂഹിക ബോധവൽക്കരണ കാമ്പയ്‌നുകളും, അതിലുപരി മദ്യത്തിന്‍റെ നിയന്ത്രിത വിൽപനയും അനുവദിക്കുകയാണ് വേണ്ടതെന്ന് പ്രശാന്ത് കിഷോർ വ്യക്തമാക്കി.
വ്യവസായ മന്ത്രിയുടെ 'ഉപദേശം': സരൺ മദ്യദുരന്തത്തിൽ പ്രതികരിച്ച ബിഹാർ വ്യവസായ മന്ത്രി എസ്.കെ മഹാസേത്ത്, ഇത്തരം ദുരന്തങ്ങൾ നേരിടാനുള്ള കരുത്ത് ജനങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ടെന്ന് പറഞ്ഞു. മദ്യപാനം ഉപേക്ഷിക്കുന്നതാണ് നല്ലത്. ഇവിടെയെത്തുന്നത് മദ്യമല്ല, വിഷമാണ്. കായിക ക്ഷമതയിലൂടെ കരുത്ത് നേടാനായാൽ ഇത്തരം ദുരന്തങ്ങൾ സഹിക്കാനുള്ള ശക്തി ജനങ്ങളിൽ കൈവരുമെന്നും മന്ത്രി പറഞ്ഞു.
വിമർശിച്ച് ബിജെപി: സംസ്ഥാനത്തെ നിരോധന നയം കുറ്റകൃത്യങ്ങളെ കുറയ്‌ക്കുന്നതിന് പകരം പുതിയൊരു കുറ്റകൃത്യരീതിയെ സൃഷ്‌ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹ കുറ്റപ്പെടുത്തി. എന്നാൽ ബിജെപിക്കെതിരെ പ്രത്യാക്രമണം നടത്തിയ തേജസ്വി യാദവ്, ബിജെപി ഭരണ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം വ്യാജമദ്യ മരണങ്ങളുടെ റെക്കോർഡുകളുള്ളതെന്ന് അവകാശപ്പെട്ടു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ വ്യാജമദ്യ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും മദ്യനിരോധനമേർപ്പെടുത്തിയ ഗുജറാത്തിലെ സ്ഥിതി ബിഹാറിനെക്കാൾ മോശമാണെന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി.
READ MORE: ബിഹാറില്‍ വ്യാജമദ്യം കുടിച്ച് 20 പേര്‍ മരിച്ചു; മരണസംഖ്യ ഇനിയും വര്‍ധിക്കാമെന്ന് വൃത്തങ്ങള്‍
മരണസംഖ്യ ഉയർന്നു: ഇന്നലെ (14.12.22) നടന്ന വ്യാജമദ്യ ദുരന്തത്തിൽ മരണം 40 ആയി. എന്നിരുന്നാലും, പോസ്റ്റ്‌മോർട്ടം നടത്തിയതിൽ ഇതുവരെ 26 മരണങ്ങളാണ് വ്യാജമദ്യം മൂലമെന്ന് ജില്ലാ ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ചികിത്സയിലുള്ള 30 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
സരൺ ജില്ലയിലെ ഛപ്രയിലാണ് പരമ്പരാഗത ലഹരിപാനീയമായ 'മോഹുവ' കഴിച്ചതിനെ തുടര്‍ന്ന് നിരവധി പേർ മരിച്ചത്. ജില്ലയിലെ ഇശ്വപൂർ, മഷ്‌റക്, അമ്‌നോർ എന്നീ മേഖലകളിലും ദുരന്തം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മദ്യം കുടിച്ചവരിൽ പലർക്കും അസ്വസ്ഥത, ഛർദി, ശ്വാസതടസം, വയറുവേദന, കാഴ്‌ചക്കുറവ് മുതലായ അവസ്ഥകളുണ്ടായതായി പ്രാദേശിക നേതാക്കൾ പറയുന്നു. സംഭവത്തില്‍ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കർശന പരിശോധന: അതേസമയം സംഭവവുമായി ബന്ധപ്പെട്ട് 51 പേരെ ഇതുവരെ അറസ്റ്റ് ചെയ്‌തതായും 692 ലിറ്ററോളം വ്യാജമദ്യം പിടികൂടിയതായും സരൺ ജില്ല മജിസ്‌ട്രേറ്റ് രാജേഷ് മീണ അറിയിച്ചു. ഇതിനുപുറമേ സംഭവവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മഷ്‌റക് എസ്‌എച്ച്ഒ ഋതേഷ് മിശ്ര, കോൺസ്റ്റബിൾ വികേഷ് തിവാരി എന്നിവരെ സസ്‌പെൻഡ് ചെയ്‌തതായി പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാർ അറിയിച്ചു.
ദുരന്തമുണ്ടായ മേഖലയിലെ അധികാര പരിധിയിലുള്ള ഡിഎസ്‌പിക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം. വകുപ്പുതല നടപടികൾക്ക് പുറമെ മർഹൗറ ഡിഎസ്‌പി യോഗേന്ദ്ര കുമാറിനെ സ്ഥലം മാറ്റാനും എസ്‌പി ശുപാർശ ചെയ്‌തിട്ടുണ്ട്. എക്‌സസ് വകുപ്പിന്‍റെ ഏഴ് സംഘങ്ങളാണ് പരിശോധന നടത്തുന്നത്.