പട്‌ന: കേന്ദ്ര സര്‍ക്കാരിന്‍റെ അഗ്‌നിപഥ് പദ്ധതിയ്‌ക്കെതിരെ വെള്ളിയാഴ്‌ചയും (17.06.22) വന്‍ പ്രതിഷേധമാണ് ബിഹാറിലുണ്ടായത്. ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീടിന് നേരെ ആക്രമണമുണ്ടായി. ഗുണ്ടകളുടെ സഹായത്താലാണ് പ്രതിപക്ഷ പാർട്ടികൾ വലിയ തോതിലുള്ള അക്രമവും തീവെപ്പും നടത്തുന്നതെന്ന് രേണു ദേവി വിമര്‍ശിച്ചു.
''ബി.ജെ.പി നേതാക്കളെ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണം. ബെട്ടിയ പട്ടണത്തിലെ എന്‍റെ വീട് ആക്രമിക്കപ്പെട്ടു. ജനൽ ചില്ലുകളും അകത്ത് നിർത്തിയിട്ടിരുന്ന കാറും തകർന്നു. ഭാഗ്യവശാൽ, ഉള്ളിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. സഞ്ജയ് ജയ്‌സ്വാളിന്‍റെ (സംസ്ഥാന പാർട്ടി പ്രസിഡന്‍റ്) സഹോദരന്‍റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പും തകർത്തു''. - രേണു ദേവി മാധ്യമങ്ങളോട് പറഞ്ഞു.
നിരവധി പരിപാടികളിൽ പങ്കെടുക്കാൻ ഹെലികോപ്റ്ററിൽ പോകാൻ പദ്ധതിയിട്ടിരുന്നെങ്കിലും ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് ഉപമുഖ്യമന്ത്രി വെള്ളിയാഴ്‌ച യാത്ര മാറ്റിവച്ചു. മോത്തിഹാരിയിൽ ബി.ജെ.പി എം.എൽ.എ വിനയ് ബിഹാരിയുടെ കാറിന് നേരെ കല്ലേറുണ്ടായി. ഡ്രൈവർക്ക് പരിക്കേറ്റില്ലെങ്കിലും വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
പ്രതിഷേധ ചൂടറിഞ്ഞ് നേതാക്കള്‍: ബി.ജെ.പി എം.എൽ.എ അരുണ ദേവിക്ക് പരിക്കേറ്റതിന് തൊട്ടുപിന്നാലെയാണ് വെള്ളിയാഴ്‌ച മറ്റ് നേതാക്കള്‍ പ്രതിഷേധ ചൂടറിഞ്ഞത്. നവാഡയിൽ ബി.ജെ.പി പാർട്ടി ഓഫിസ്, ജനക്കൂട്ടം തീയിട്ടു. സംസ്ഥാനത്തെ മറ്റൊരു ഉപമുഖ്യമന്ത്രിയായ തർകിഷോർ പ്രസാദിന്‍റെ വീടിന് ചുറ്റും സുരക്ഷ ശക്തമാക്കി. ബി.ജെ.പി നേതാവ് കൂടിയായ അദ്ദേഹത്തിന്, രേണു ദേവിയ്‌ക്കുണ്ടായ അവസ്ഥ വരാതിരിക്കാന്‍ മുന്‍കുട്ടിയുള്ള നീക്കമാണ് പൊലീസ് നടത്തിയത്.
മുൻ എം.പി രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ് നൂറുകണക്കിന് അനുയായികൾക്കൊപ്പം ഡാക് ബംഗ്ലാവ് ക്രോസിൽ പ്രകടനം നടത്തി. ഇത് വന്‍ ഗതാഗതക്കുരുക്കിന് കാരണമായി. ''അഗ്നിപഥ് പദ്ധതിയിൽ ചെറുപ്പക്കാർ രോഷം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. ജീവൻ പണയപ്പെടുത്തി ജോലി ചെയ്‌താലും പെൻഷൻ ആനുകൂല്യങ്ങളില്ലാതെ പുറത്താക്കപ്പെടും. ഒരു ദിവസം ഭരണത്തിലിരുന്നാല്‍ എം.പിയോ എം.എൽ.എയോ ആജീവനാന്ത പെൻഷന്‍ നേടുമ്പോഴാണ് ഇങ്ങനെയാരു തീരുമാനം''- പപ്പു യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
കാർഗിൽ ചൗക്കിൽ വിദ്യാർത്ഥികളുടേ നേതൃത്വത്തില്‍ പ്രകടനം നടന്നു. പട്‌ന സർവകലാശാലയ്ക്ക് മുന്നിൽ യുവാക്കളുടെ ശക്തമായ പ്രക്ഷോഭമാണ് ഉണ്ടായത്. ''പെൻഷൻ ബില്ലുകൾ ഈ രീതിയിൽ കുറയ്ക്കുന്നത് ന്യായമാണെന്ന് സർക്കാർ കരുതുന്നുവെങ്കിൽ, എം.പിമാരുടെയും എം.എൽ.എമാരുടെയും പെൻഷൻ നിർത്തലാക്കണം. അല്ലെങ്കില്‍ അവരുടെ കാലാവധി രണ്ട് വർഷമായി കുറയ്‌ക്കണം''. വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
സായുധ സേനകളില്‍ ഹ്രസ്വകാല നിയമനം നല്‍കുന്ന പദ്ധതിക്കെതിരായി ബുധനാഴ്‌ച മുതൽ സംസ്ഥാനത്ത് പ്രതിഷേധാഗ്‌നി തെളിഞ്ഞിരുന്നു. തെരുവിലിറങ്ങിയ ഭൂരിഭാഗം യുവാക്കള്‍ അടങ്ങുന്ന പ്രക്ഷോഭകര്‍ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. ഇന്ന് മൂന്ന് ട്രെയിനുകള്‍ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കുകയും ചെയ്‌തു.
സര്‍വീസ് അറിയിപ്പ് പുതുക്കി റെയില്‍വേ: ഹാജിപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈസ്റ്റ് സെൻട്രൽ റെയിൽവേ സോൺ സര്‍വീസ് അറിയിപ്പ് പുതുക്കി. നേരത്തേ, വ്യാഴാഴ്ച ഉച്ചയ്‌ക്ക് 3.30 മുതൽ സാധാരണ റെയിൽ ഗതാഗതം പുനസ്ഥാപിക്കുമെന്നയിരുന്നു പ്രഖ്യാപിച്ചിരുന്നത്. ട്രെയിനുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നത് സംബന്ധിച്ചാണ് അറിയിപ്പ് പുതുക്കിയത്.
നിരവധി ട്രെയിനുകളാണ് സംസ്ഥാനത്ത് തീയിട്ടത്. വ്യാഴാഴ്‌ച വൈകുന്നേരം വരെ 125 പേരെയാണ് അറസ്റ്റ് ചെയ്‌തത്. 24 കേസുകൾ രജിസ്റ്റർ ചെയ്‌തതായും 16 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും സംസ്ഥാന പൊലീസ് സ്ഥിരീകരിച്ചു.
17.5 വയസുമുതല്‍ 21 വയസുവരെയുള്ളവര്‍ക്കാണ് അവസരം നല്‍കുകയെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തിയതോടെ പദ്ധതിയില്‍ നിന്നും പിന്നോട്ടുപോകുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ അംഗീകാരത്തോടെ ഇത്തവണ അഗ്‌നിപഥ് റിക്രൂട്ട്‌മെന്‍റിനുള്ള പ്രായപരിധി 21ൽ നിന്ന് 23 ആയി ഉയർത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് രാജ്‌നാഥ് സിങ് വെള്ളിയാഴ്‌ച അറിയിച്ചു.
ALSO READ| 'അഗ്‌നിപഥി'ല്‍ കത്തിയമര്‍ന്ന് സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷന്‍: അക്രമത്തിന്‍റെ നേര്‍ച്ചിത്രം