ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ ആശുപത്രികളിലെ ഓക്‌സിജന്‍ ക്ഷാമം മൂലം വലിയ ദുരന്തം സംഭവിച്ചേക്കാമെന്ന് അരവിന്ദ് കെജ്‌രിവാള്‍. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തലസ്ഥാനത്തേക്ക് കൊണ്ടുവരുന്ന ഓക്‌സിജന്‍ ടാങ്കറുകളുടെ ഗതാഗതം സുഗമമാക്കാന്‍ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും മുന്‍കൈയെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
ഓക്‌സിജന്‍ ക്ഷാമം മൂലം ജനങ്ങള്‍ കടുത്ത പ്രതിസന്ധി അനുഭവിക്കുകയാണെന്നും ഇത് മൂലം വലിയ ദുരന്തം സംഭവിച്ചേക്കുമെന്ന് ഭയപ്പെടുന്നുവെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രതിസന്ധി നേരിടാന്‍ ദേശീയതലത്തില്‍ പദ്ധതി തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓക്‌സിജന്‍ പ്ലാന്‍റുകള്‍ ആര്‍മി ഏറ്റെടുക്കുകയും, ഓക്‌സിജന്‍ ടാങ്കറുകള്‍ വിവിധ സ്ഥലത്തെത്തിക്കുന്നത് സൈന്യത്തിന്‍റെ മേല്‍നോട്ടത്തിലായിരിക്കണമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
ഒഡിഷയില്‍ നിന്നും ബംഗാളില്‍ നിന്നും തലസ്ഥാനത്തേക്ക് വരുന്ന ഓക്സിജൻ വിമാനമാർഗം അല്ലെങ്കിൽ കേന്ദ്രം തുടക്കമിട്ട ഓക്സിജൻ എക്‌സ്‌പ്രസ് വഴി കൊണ്ടുവരണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു. കൊവിഡ് വാക്‌സിന്‍ നിരക്ക് ഒരു രാജ്യം ഒരു നിരക്ക് എന്നാവണമെന്നും അരവിന്ദ് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്‌ച കൊവിഡ് സാഹചര്യം വിലയിരുത്താനായി 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി യോഗം ചേര്‍ന്നിരുന്നു. മഹാരാഷ്‌ട്ര, ഉത്തര്‍ പ്രദേശ്, കേരളം, ചത്തീസ്‌ഗഡ്, മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
രാജ്യം ഗുരുതരമായ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ഉല്‍പാദകരുമായി പ്രധാനമന്ത്രി അടിയന്തരമായി യോഗം വിളിച്ചിട്ടുണ്ട്. വീഡിയോ കോള്‍ വഴിയായിരിക്കും ചര്‍ച്ച.
ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്ന് ഡല്‍ഹിയില്‍ 24 മണിക്കൂറിൽ മരിച്ചത് 25 രോഗികളാണ്. സർ ഗംഗാറാം ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടായിരുന്ന 25 പേരാണ് ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്ന് മരിച്ചത്.
കൂടുതല്‍ വായനയ്‌ക്ക്; ഡല്‍ഹിയില്‍ ഓക്‌സിജൻ ക്ഷാമം; 24 മണിക്കൂറിനിടെ 25 മരണം