ന്യൂഡല്‍ഹി: ജ്വല്ലറി ഉടമകള്‍ക്ക് ആശ്വാസമായി ബോംബെ ഹൈക്കോടതി വിധി. നിര്‍ബന്ധിത ഹോള്‍മാര്‍ക്കിങ്ങ് കോടതി സ്റ്റേ ചെയ്തു. ഹോള്‍മാര്‍ക്കിങ്ങ് ചെയ്യാത്ത സ്വര്‍ണം സൂക്ഷിക്കുന്ന ജ്വല്ലറികള്‍ക്കെതിരെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിയമ നടപടി സ്വീകരിക്കുന്നതിനെതിരെയാണ് നാഗ്പൂർ ബഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്ത് ഹോള്‍മാര്‍ക്കിങ്ങ് നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ബിഐഎസ് നിര്‍ദേശമുണ്ടായിരുന്നു. ചെയ്യാത്തവര്‍ പിഴയും നിയമനടപടിയും നേരിടേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
ഇത് സ്റ്റേ ചെയ്ത കോടതി വിഷയത്തില്‍ കൂടുതല്‍ വാദം കേള്‍ക്കാനായി ഹര്‍ജി ജൂണ്‍ 14ലേക്ക് മാറ്റി. ഹോൾമാർക്കിങ്ങ് നിർബന്ധമാക്കുന്നതിനുള്ള അവസാന തിയതി ജൂണ്‍ ഒന്നില്‍ നിന്ന് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിലാണ് ഹൈക്കോടതിയെ സമീപിച്ചത്. രാജ്യത്തെ 5 ലക്ഷം ജ്വല്ലറികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ് നടപടിയെന്ന് ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജ്വല്ലറികളുടെ ഉന്നമനവും സംരക്ഷണവും പുരോഗതിയും ഉറപ്പാക്കുന്നതിനുള്ള സംഘടനയാണ് ജിജെസി.
കൂടുതല്‍ വായിക്കുക….. രാജ്യത്തെ സ്വര്‍ണ വിപണിയില്‍ ബിഐഎസ് നിര്‍ബന്ധമാക്കുന്നു
ആഭരണ വ്യാപാരമേഖലയിൽ ഗുണനിലവാരം ഉറപ്പുവരുത്താനായാണ് ഹോള്‍മാര്‍ക്കിങ്ങ് നിർബന്ധമാക്കുന്നതെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് വ്യക്തമാക്കിയിരുന്നു. ആഭരണത്തിന്‍റെ മാറ്റ് ഉറപ്പാക്കുന്ന ഗുണമേന്മാ മുദ്രയാണിത്. ആഭരണത്തിൽ ഇത് ആലേഖനം ചെയ്തിട്ടുണ്ടാകും. നിയമം വ്യാപാരികൾ ഉപയോക്താക്കൾക്ക് വിൽക്കുന്ന സ്വർണത്തിന് മാത്രമാണ് ബാധകം. ഉപയോക്താക്കൾക്ക് അവരുടെ കൈവശമുള്ള പഴയ സ്വർണം വിൽക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ ഇത് ആവശ്യമില്ല.
2021 ജനുവരി 15 മുതൽ ഹോള്‍മാര്‍ക്കിങ്ങ് നിർബന്ധമാക്കുമെന്ന് 2019 നവംബറിലാണ് സർക്കാർ പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ 1 വരെ സമയ പരിധി നീട്ടുകയായിരുന്നു. ഇതിനായി സ്വർണാഭരണ വ്യാപാരികൾ ബ്യൂറോ ഓഫ് സ്റ്റാൻഡേഡ്സിൽ (ബിഐഎസ്) നിർബന്ധമായും റജിസ്റ്റർ ചെയ്യണം. 14,18, 22 കാരറ്റിലുള്ള ആഭരണങ്ങൾ മാത്രമാകും ജൂൺ 1മുതൽ ജ്വല്ലറികൾക്ക് വിൽക്കാനാകുക. അതിനാല്‍ ഈ നിയമം നടപ്പായാല്‍ ഏത് കാരറ്റിൽ ആഭരണങ്ങൾ നിർമിച്ചാലും ഹോള്‍മാര്‍ക്ക് ചെയ്യണം.