വാരണാസി (ഉത്തർപ്രദേശ്) : ഉത്തർപ്രദേശിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ ഐഐടി വിദ്യാർഥിനി കോളജ് ക്യാമ്പസിനുള്ളിൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിലെ പ്രതികൾ പതിവായി അർധരാത്രിയിൽ യൂണിവേഴ്‌സിറ്റി ക്യാമ്പസ് സന്ദർശിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തി (BHU IIT gang rape accused used to visit campus daily). മൂന്ന് പ്രതികളുടെയും മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മൂന്ന് പേരും ബിജെപി ഐടി സെൽ അംഗങ്ങളാണ്.
സംഭവം (BHU IIT gang rape) ക്യാമ്പസിനുള്ളിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. യൂണിവേഴ്‌സിറ്റിയെ ഞെട്ടിച്ച സംഭവത്തിൽ രണ്ട് മാസം കഴിഞ്ഞാണ് പ്രതികളെ പിടികൂടിയത്. വാരണാസി സ്വദേശികളായ കുനാൽ പാണ്ഡെ, അഭിഷേക് ചൗഹാൻ, സക്ഷാം പട്ടേൽ എന്നിവരാണ് പ്രതികൾ. ഡിസംബർ 31നാണ് മൂന്ന് പ്രതികളെയും വാരണാസി ലങ്ക പൊലീസ് പിടി കൂടുന്നത്.
കുനാൽ പാണ്ഡെ ബിജെപി വാരണാസി മഹാനഗർ ഐടി സെൽ കൺവീനറും സക്ഷാം പട്ടേൽ കോ കൺവീനറുമാണ്. ബിജെപി ഐടി സെൽ വർക്കിങ് കമ്മിറ്റി അംഗമാണ് അഭിഷേക് ചൗഹാൻ എന്ന ആനന്ദ്.
അന്വേഷണത്തിന്‍റെ ഭാഗമായി നഗരത്തിലെ 750 സിസിടിവി ക്യാമറകൾ പരിശോധിച്ചിരുന്നു. ഇതിനായി ദിവസവും 6-7 മണിക്കൂർ വരെ കഠിനമായി പരിശ്രമിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. യൂണിവേഴ്‌സിറ്റിയിലും നഗരത്തിലെ പല മേഖലകളിൽ നിന്നുമായി പതിനായിരത്തിലധികം മൊബൈൽ നമ്പറുകൾ കണ്ടെത്തിയിരുന്നു.
ഇതിൽ 1000ലധികം നമ്പറുകൾ നിരീക്ഷണത്തിലാക്കുകയും സംശയം തോന്നിയ 200 നമ്പറുകളുടെ വിശദാംശങ്ങൾ പരിശോധിയ്‌ക്കുകയുമായിരുന്നു. പരിശോധനയിൽ എല്ലാ ദിവസവും രാത്രി 12ന് ശേഷം പ്രതികളുടെ ലൊക്കേഷൻ സർവകലാശാലയിൽ തുടർച്ചയായി കണ്ടെത്തിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധന നടത്തി വരികയാണെന്നാണ് വിവരം.
അന്വേഷണസംഘം പത്താം ദിവസം പ്രതികളുടെ അടുത്തെത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. പിന്നീട് പ്രതികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മധ്യപ്രദേശിലേക്ക് പോയതായി വിവരം ലഭിച്ച പൊലീസ് സംഘം പിന്നീട് മധ്യപ്രദേശിൽ ക്യാമ്പ് ചെയ്‌തെങ്കിലും ഇവരെ പിടികൂടാനായില്ല. പിന്നീട് യുപിയിലേക്ക് മടങ്ങിയ പ്രതികളെ യുപി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെളിവുകൾ കോടതിയിൽ ഹാജരാക്കും. ഇതിന് പുറമെ പ്രതികളുടെ മൊബൈൽ ഫോണുകൾ, ഫോൺ സംഭാഷണങ്ങൾ, വാട്‌സ്ആപ്പ് ചാറ്റുകൾ, ഇരയുടെ മൊഴി, മറ്റ് സാക്ഷികളുടെ മൊഴി എന്നിവയും കോടതിയിൽ ഹാജരാക്കും.
നവംബര്‍ 1ന് ആണ് വിദ്യാര്‍ഥിനി ക്യാമ്പസിനുള്ളില്‍ വച്ച് പീഡനത്തിന് ഇരയായത്. കോളജ് ഹോസ്റ്റലിലാണ് വിദ്യാര്‍ഥിനി താമസിച്ചിരുന്നത്. വൈകുന്നേരം സുഹൃത്തിനൊപ്പം കോളജ് ഗ്രൗണ്ടില്‍ നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വിദ്യാര്‍ഥിനിയെ ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സുഹൃത്ത് തടയാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ തടഞ്ഞുവയ്ക്കുകയും തുടര്‍ന്ന് വിദ്യാര്‍ഥിനിയെ ഗ്രൗണ്ടിന്‍റെ ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പീഡനത്തെ തുടര്‍ന്ന് പ്രതികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ഹോസ്റ്റലിലെത്തിയ വിദ്യാര്‍ഥിനി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Also read: കോളജില്‍ വിദ്യാര്‍ഥിനി പീഡനത്തിനിരയായ സംഭവം : പ്രതിഷേധം ശക്തം ; അന്വേഷണം